തിരുവമ്പാടിയിൽ കാണാതായ 14 വയസ്സുകാരിയെ കോയമ്പത്തൂരിൽ കണ്ടെത്തി
കോഴിക്കോട് ∙ തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് കുട്ടിയെ കാണാതായത്. മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ 14 വയസ്സുകാരി വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു.