തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് ഉത്സവം നാളെ മുതല്‍
കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍ 13 വരെ നടക്കും. www.thiruvairanikkulamtemple.org വഴി വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം. ബുക്ക് ചെയ്യുന്നവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ കൗണ്ടറില്‍ ബുക്കിങ് രസീത് നല്‍കി ദര്‍ശന പാസ് വാങ്ങാം.
ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെ ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹന്‍കുമാര്‍, സെക്രട്ടറി എ എന്‍ മോഹനന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എസ് അശോകന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 8547769454.
12 ദിവസം നീണ്ടു നില്‍ക്കുന്ന നടതുറപ്പ് മഹോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് ഭക്തരാണ് എത്തുക. വര്‍ഷത്തിലൊരിക്കല്‍ 12 ദിവസം മാത്രം നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.
പെരിയാര്‍ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനെയും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി പാര്‍വ്വതിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേകം പ്രതിഷ്ഠയുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രം ഊരാള കുടുംബങ്ങളിലൊന്നായ അകവൂര്‍ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനില്‍ക്കുന്നു. പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം.
ശിവപാര്‍വ്വതിമാര്‍ക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര, മൂന്ന് ഊരാളകുടുംബങ്ങളില്‍ പ്രധാനപ്പെട്ട അകവൂര്‍ മനയില്‍ നിന്നാണ് പുറപ്പെടുന്നത്. കുലദൈവമായ ശ്രീരാമസ്വാമിയുടെ നടയില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷം അകവൂര്‍ മനയിലെ കാരണവര്‍, ക്ഷേത്രം ഭാരവാഹികള്‍ക്ക് തിരുവാഭരണങ്ങള്‍ കൈമാറുന്നതോടെ ഘോഷയാത്ര പുറപ്പെടും. പ്രത്യേക രഥത്തില്‍ തിരുവാഭരണങ്ങള്‍ പ്രതിഷ്ഠിച്ചശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തും. തിരുവാഭരണം ക്ഷേത്രത്തില്‍ എത്തിച്ചശേഷം മേല്‍ശാന്തിയോട് ദേവിയുടെ നട തുറക്കാന്‍ തോഴിയായ പുഷ്പിണി ആവശ്യപ്പെടുകയും അതനുസരിച്ച് നട തുറക്കുകയും ചെയ്യുന്നു. ഇതോടെയാണ് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകുന്നത്
