പതിമൂന്നാം മലയാളോത്സവം സമാപനം ഇന്ന്

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം മലയാളോത്സവം സമാപനം ഫെബ്രുവരി 16, ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലത്തില്‍ വച്ച് നടത്തുന്നു. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും മലയാളം മിഷന്‍ ആന്ധ്ര പ്രദേശ് കോ ഓർഡിനേറ്ററും കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ നന്ദിനി മേനോന്‍ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. സമാപനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പത്ത് മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന കലോത്സവമാണ് മലയാളോത്സവം. മലയാളനാടിന്റെ തനതായ സംസ്കാരവും പൈതൃകകലകളും പരിപോഷിപ്പിക്കുന്നതിനും യുവതലമുറയെ ഈ കലകളോടടുപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ സ്ക്കൂള്‍ – കോളേജ് യുവജനോത്സവങ്ങള്‍ക്ക് സദൃശമായി മുംബൈയിൽ നടക്കുന്ന മലയാളോത്സവത്തെ മുംബൈ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ചു കഴിഞ്ഞിരിക്കയാണ് . യുവതലമുറയുടെ സക്രിയ സാന്നിദ്ധ്യം വളരെ പ്രോത്സാഹജനകവും ശുഭോദര്‍ക്കവുമാണ് . മേഖലകളുടെയും കേന്ദ്ര കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളില്‍ മുംബൈ മലയാളികളുടെ യുവതലമുറ ആവേശപൂര്‍വ്വം ഭാഗഭാക്കാകുന്നുണ്ടെന്ന കാര്യവും പ്രസ്താവയോഗ്യമാണ്. മലയാളോത്സവത്തിന്റെ പതിമൂന്നു പതിപ്പുകളിലും ജനപങ്കാളിത്തം ആവേശ കരമായിരുന്നു.
ഡിസംബര്‍ 22 ന് ഡോംബിവലി കമ്പല്‍പാടയിലെ മോഡല്‍ കോളേജില്‍ നടന്ന കേന്ദ്ര മലയാളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര സമര്‍പ്പണം സമാപന സമ്മേളനത്തില്‍ നടത്തുന്നതാണ്. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” വിന്‍റെ വിശേഷാല്‍പതിപ്പും വേദിയില്‍ വച്ച് പ്രകാശനം ചെയ്യും.
കണക്കൂര്‍ ആര്‍. സുരേഷ് കുമാറിൻ്റെ “ദൈവികം” എന്ന പുതിയ നോവല്‍ സമാപന സമ്മേളനത്തില്‍ വച്ച് പ്രകാശനം ചെയ്യപ്പെടും.തുടര്‍ന്ന്, കേന്ദ്ര തലത്തില്‍ സമ്മാനാര്‍ഹമായ കലാപരിപാടികള്‍ വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കും.