ലീഗിന് മൂന്ന് സീറ്റ്; നിര്‍ണായക യോഗം ഇന്ന്

0

ആലപ്പുഴ: ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായുള്ള യുഡിഎഫിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ നടക്കും. മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. കോട്ടയത്ത് കേരള കോൺഗ്രസും കൊല്ലത്ത് ആർഎസ്പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്‍റെ കടുംപിടുത്തത്തെ തുടർന്നാണ് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാർത്ഥിനിർണയ ചർച്ചകളിലേക്ക് പാർട്ടികൾക്ക് കടക്കാൻ കഴിയാത്തത്.

നിലവിലെ സാഹചര്യത്തിൽ മൂന്ന് സീറ്റ് നൽകാൻ കഴിയില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നൽകണമെന്നത് ഉൾപ്പെടെയുള്ള ഉപാധികളാണ് ലീഗ് മുന്നോട്ട് വയ്ക്കുന്നത്. ലീഗിന്‍റെ പിടിവാശി കാരണം ചർച്ച നീണ്ടു പോയതിൽ കടുത്ത അതൃപ്തി കോൺഗ്രസ് നേതാക്കൾക്കുണ്ട്. ഉഭയകക്ഷി ചർച്ചകൾ ആദ്യം ആരംഭിച്ചിട്ടും എൽഡിഎഫിലെ സ്ഥാനാർഥി ധാരണകൾ പൂർത്തിയായ ശേഷമാണ് യുഡിഎഫ് അന്തിമ തീരുമാനത്തിനായി യോഗം ചേരുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ല എങ്കിൽ വയനാടോ, കെ സുധാകരൻ ഇല്ലെങ്കിൽ കണ്ണൂർ സീറ്റോ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പ്. കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. മുന്നണി രാഷ്ട്രീയത്തിൽ സ്വാഭാവികമായ കാര്യമാണിത്.

പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. രാഹുൽ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് റെയ്ഡ് നടന്ന കമ്പനികൾ റെയ്ഡിന് പിന്നാലേ ബിജെപിക്ക് പണം നൽകുകയാണ്. ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ എല്ലാം ക്ലീൻ. രാമക്ഷേത്രം ബിജെപിയുടെ അഴിമതിയും കഴിവുകേടും മറക്കാനുള്ള ആയുധമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *