മൂന്നാം സീറ്റ്: കോൺഗ്രസിനകത്ത് കല്ലുകടി; യുഡിഎഫ് കൺവീനറും ലീഗ് നേതാക്കളോട് ഇടഞ്ഞു.

0

തിരുവനന്തപുരം:  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മത്സരിക്കാൻ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം വഷളാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ച. കാര്യം ബോധ്യപ്പെടുത്താതെ ലീഗ് നേതൃത്വവുമായി യുഡിഎഫ് കണ്‍വീനറും ഇടഞ്ഞതോടെയാണ്, മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചത്. അസാധാരണ നിലയിലേക്ക് തര്‍ക്കം നീളാൻ കാരണം നേതൃത്വത്തിന്‍റെ പോരായ്മയാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് പാർട്ടിയിലുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും മൂന്നാം സീറ്റെന്ന ആവശ്യം ലീഗ് മുന്നോട്ടുവച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് വിഷയം സൗഹാര്‍ദ്ദപരമായി കൈകാര്യം ചെയ്തു. ഇക്കുറി പക്ഷേ കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും പിഴച്ചു. ഒരു സീറ്റ് കൂടി വിട്ടുതരാനാകില്ലെന്ന് ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്താതെ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയത് സാഹചര്യങ്ങൾ സങ്കീര്‍ണമാക്കി. സാദിഖലി തങ്ങളുമായുള്ള ചര്‍ച്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ മയമില്ലാതെ നിലപാട് പറഞ്ഞത് ലീഗിനെ ചൊടിപ്ചിച്ചു. പാണക്കാട്ട് ചെന്ന് പരിഹാരം കാണുന്ന പതിവ് രീതിക്കും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.

രമ്യമായ പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്ന നേതാവിനെ കെപിസിസി അധ്യക്ഷന്‍ മധ്യസ്ഥനാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹവും കയ്യൊഴിഞ്ഞു. സീറ്റല്ല, അര്‍ഹതപ്പെട്ട പരിഗണ ലഭിച്ചില്ലെന്നതാണ് മുസ്ലിംലീഗ് നേതാക്കളില്‍ പലരുടെയും പരാതി. മുസ്ലിം ലീഗിനെ പിണക്കിയതില്‍ മലബാറിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗം പേരും അതൃപ്തിയിലാണ്. നേതൃത്വത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ച, മുന്നണിയുടെ കെട്ടുറപ്പിനെയും തിര‍ഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ സിറ്റിങ് എംപിമാര്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കളുടെ പിന്തുണ കൂടി ഉറപ്പിച്ചാണ് ലീഗിന്‍റെ കടുംപിടുത്തം. ഫലത്തില്‍ രാജ്യസഭാ സീറ്റെന്ന ഉപാധി മുന്നോട്ടുവച്ച് തത്കാലം പ്രതിസന്ധി ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അങ്ങനെ വന്നാല്‍ ഒരേ സമുദായത്തിൽ നിന്നാവും യുഡിഎഫിലെ മൂന്ന് രാജ്യസഭാ എംപിമാരും എന്ന പ്രശ്നവും മുന്നിലുണ്ട്. നിസ്സാരമായി തീർക്കേണ്ട പ്രശ്നം പോലും പരിഹരിക്കുന്നതിൽ നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതി പാർട്ടിക്കുള്ളിൽ ശക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *