”മരുന്ന് പോലും നല്‍കുന്നില്ല…” : സഫര്‍ അലിയുടെ ജീവന്‍ അപകടത്തിലെന്ന് കുടുംബം

സംഭല്‍ (ഉത്തര്‍പ്രദേശ്) :സംഭല്‍ ഷാഹി ജുമാ മസ്‌ജിദില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സഫര്‍ അലിയുടെ ജീവന്‍ അപകടത്തിലാണെന്ന് കുടുംബം. അദ്ദേഹത്തെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തിന് മരുന്നുകള്‍ നല്‍കുന്നില്ലെന്നും കുടുംബം ആരോപിച്ചു.
നവംബര്‍ 24ന് കോടതി ഉത്തരവ് പ്രകാരം ഷാഹി ജുമാ മസ്‌ജിദില്‍ സര്‍വേ നടത്തുന്നതിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്‌ച (മാര്‍ച്ച് 24) സഫര്‍ അലി അറസ്റ്റിലായത്. അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മുഗൾ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളി ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതിചെയ്‌തിരുന്ന സ്ഥലത്താണെന്ന് അവകാശവാദം ഉയര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.
ജയിലില്‍ സഫര്‍ അലിയെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതായി ചൊവ്വാഴ്‌ച (മാര്‍ച്ച് 25) മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹത്തിന്‍റെ സഹോദരന്‍ മുഹമ്മദ് താഹിര്‍ അലി പറഞ്ഞു. ‘അദ്ദേഹത്തെ ഒരു കൊടും കുറ്റവാളിയെ പോലെയാണ് പരിഗണിക്കുന്നത്. ജയിലിനുള്ളില്‍ അലിയുടെ ജീവന്‍ അപകടത്തിലാണ്. അദ്ദേഹത്തിന് 70 വയസുണ്ട്. മരുന്നുകള്‍ പോലും നല്‍കുന്നില്ല. പൊലീസ് വളരെ മോശമായാണ് പെരുമാറുന്നത്. ഭരണകൂടം സകല പരിധിയും ലംഘിച്ചു’ -താഹിര്‍ പറഞ്ഞു.
സംഭല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഫര്‍ അലി പൂര്‍ണമായും സഹകരിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ ശിക്ഷിക്കുകയാണ് ഉണ്ടായത് എന്നും താഹിര്‍ പറഞ്ഞു. ‘കോടതിയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്, നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ -അദ്ദേഹം പറഞ്ഞു. സഫര്‍ അലിയെ നിരുപാധികമായി മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച്ച മൂന്നംഗ ജുഡീഷ്യല്‍ കമ്മിഷന് മുന്‍പാകെ സഫര്‍ അലി മൊഴി നല്‍കാനിരിക്കെയാണ് ഞായറാഴ്‌ച അറസ്റ്റുണ്ടായത്. മൊഴി നല്‍കുന്നത് തടയാനായിരുന്നു അറസ്റ്റ് എന്ന് താഹിര്‍ നേരത്തെ ആരോപിച്ചുരുന്നു.
സംഘര്‍ഷത്തിന്‍റെ ഉത്തരവാദി പൊലീസാണെന്ന് സഫര്‍ അലി ആരോപിച്ചിരുന്നു. സിറ്റി പൊലീസ് ഓഫിസർ അനുജ് ചൗധരിയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വന്ദന മിശ്രയും കുറ്റക്കാരാണെന്നും പൊലീസ് വെടിവയ്പ്പിലാണ് മരണങ്ങൾ സംഭവിച്ചതെന്നും ഒരു പത്രസമ്മേളനത്തിൽ സഫര്‍ അലി അവകാശപ്പെട്ടു.