ഈ പാസ്‌പോർട്ടുകൾ ഏറ്റവും ദുർബലം; വിസയില്ലാതെ അയൽരാജ്യങ്ങളിൽ പോലും പോകാനാവില്ല

0

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഏതാണെന്ന കണക്കെടുപ്പ് മിക്കവാറും വര്‍ഷങ്ങളില്‍ നടക്കാറുണ്ട്. മൊബിലിറ്റി സ്‌കോറാണ് പാസ്‌പോര്‍ട്ടുകളുടെ ശക്തിതെളിയിക്കുന്നതില്‍ നിര്‍ണായകമാവാറുള്ളത്. ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസയിലുമായി മറ്റ് രാജ്യങ്ങളില്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബിലിറ്റി സ്‌കോര്‍ കണക്കാക്കുന്നത്. ജപ്പാന്‍, യു.എ.ഇ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പാസ്‌പോര്‍ട്ടുകളാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുകളായി വിലയിരുത്തപ്പെടുന്നത്.

അങ്ങനെയാണെങ്കില്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുകള്‍ ആരുടേതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം നാല്‍പ്പതില്‍ താഴെയായ രാജ്യങ്ങളെയാണ് ലോകത്തില്‍ ഏറ്റവും ദുര്‍ബലമായതായി കണക്കാക്കുന്നത്. അത്തരത്തില്‍ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുകളുള്ള ആറ് രാജ്യങ്ങള്‍ ഇവയാണ്.

അഫ്ഗാനിസ്ഥാന്‍

ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടായി അറിയപ്പെടുന്നത് അഫ്ഗാനിസ്ഥാന്റെയാണ്. കേവലം 26 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ പോവാന്‍ സാധിക്കുക. കാലങ്ങളായുള്ള ആഭ്യന്തരയുദ്ധവും ദുര്‍ബലമായ ഭരണകൂടവുമെല്ലാമാണ് അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ദുര്‍ബലമാക്കിയത്. തൊട്ടയല്‍രാജ്യങ്ങളില്‍ പോലും പലപ്പോഴും വിസയില്ലാതെ അഫ്ഗാന്‍ പൗരന്‍മാരെ പ്രവേശിപ്പിക്കാറില്ല. വിദേശയാത്രകളില്‍ ഇവര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു.

സിറിയ

ആഭ്യന്തരയുദ്ധവും ഭീകരവാദവുമെല്ലാം തകര്‍ത്ത മറ്റൊരു പാസ്‌പോര്‍ട്ടാണ് സിറിയയുടേത്. 27 രാജ്യങ്ങള്‍ മാത്രമാണ് സിറിയക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കുക. അതിനാല്‍ തന്നെ വിദേശയാത്രകള്‍ സിറിയക്കാര്‍ക്ക് കഠിനമേറിയതാണ്. വിസയ്ക്കായുള്ള സിറിയക്കാരുടെ അപേക്ഷകളും പലപ്പോഴും നിരസിക്കപ്പെടാറാണ് പതിവ്‌.

ഇറാഖ്

ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുള്ള മറ്റൊരു മിഡില്‍ഈസ്റ്റ് രാജ്യമാണ് ഇറാക്ക്. 31 രാജ്യങ്ങളിലേക്ക് മാത്രമാണ് ഈ പാസ്‌പോര്‍ട്ടില്‍ വിസയില്ലാതെ പ്രവേശിക്കാനാവുക. യുദ്ധങ്ങളും ഭീകരവാദവും തന്നെയാണ് ഇറാഖിലേയെും വില്ലന്‍. വിദേശയാത്ര നടത്തുന്ന ഇറാഖികള്‍ കര്‍ശനമായ പരിശോധനകള്‍ക്കും സങ്കീര്‍ണമായ വിസ നടപടികള്‍ക്കും വിധേയരാവാറുണ്ട്.

പാകിസ്താന്‍

നമ്മുടെ അയല്‍രാജ്യമായ പാകിസ്താനാണ് പട്ടികയില്‍ അഞ്ചാമത്. 33 രാജ്യങ്ങളാണ് പാകിസ്താന്‍ പാസ്‌പോര്‍ട്ടിനെ വിസയില്ലാതെ അംഗീകരിക്കുന്നത്. രാഷ്ട്രീയ അസ്ഥിരതയും ഭീകരവാദവുമാണ് പാകിസ്താന്‍ പാസ്‌പോര്‍ട്ടിനെ ദുര്‍ബലമാക്കുന്നത്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പല രാജ്യങ്ങളും പാകിസ്താന്‍ പൗരന്‍മാര്‍ക്ക് കര്‍ശനമായാണ് വിസ അനുവദിക്കാറ്.

യെമന്‍

ആറാം സ്ഥാനത്തുള്ള രാജ്യം യെമനാണ്. ആഭ്യന്തര കലാപങ്ങള്‍ അതിന്റെ ഏറ്റവും തീക്ഷ്ണതയില്‍ നിലനിര്‍ക്കുന്ന രാജ്യമാണ് യെമന്‍. രാജ്യത്തിന്റെ പല പ്രദേശങ്ങളും കലാപകാരികളുടെ കയ്യിലാണുള്ളത്. കൃത്യമായ ഭരണകൂടമോ ക്രമസമാധാന സംവിധാനങ്ങളോ പോലും ഇവിടങ്ങളിലില്ല. വലിയ മനുഷ്യാവകാശ ലംഘനങ്ങളും ഇവിടെയുണ്ടാവാറുണ്ട്. അതിനാല്‍ തന്നെ യെമന്‍ പാസ്‌പോര്‍ട്ട് കൊണ്ട് 33 രാജ്യങ്ങളില്‍ മാത്രമാണ് വിസയില്ലാതെ പ്രവേശനം ലഭിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *