നെടുമ്പാശ്ശേരിയില്‍ യാത്രക്കാന്റെ ബാഗില്‍ ബോംബാണെന്ന്;വിമാനം വൈകിയത് രണ്ടുമണിക്കൂർ
കൊച്ചി: സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബാണെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലര്‍ച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയണ്‍ എയര്‍ ഫ്‌ളൈറ്റ് SL211 പരിശോധനയ്ക്ക് ശേഷം നാലരയ്ക്കാണ് പുറപ്പെട്ടത്. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഭാര്യക്കും മകനുമൊപ്പമാണ് പ്രശാന്ത് യാത്രയ്ക്കായി എത്തിയിരുന്നത്. സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബാണെന്ന് പ്രശാന്ത് പറഞ്ഞതെന്നാണ് വിവരം. മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്ന സമയത്ത് നടത്തുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (SLPC) പരിശോധനാ സമയത്തായിരുന്നു പ്രശാന്തിന്റെ ബോംബ് പരാമര്‍ശം.