തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

0

 

പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികൾക്കും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു. 2020 ക്രിസ്മസ് ദിനത്തിൽ ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാർ. കെ.സുരേഷ് കുമാർ അമ്മാവനും. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായക റാവു ആണു കേസ് പരിഗണിച്ചത്.

വിധിയിൽ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിതയും അനീഷിന്റെ പിതാവും പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചത്. തനിക്കെതിരെയും വീട്ടുകാരിൽനിന്ന് ഭീഷണിയുണ്ടായെന്ന് ഹരിത പ്രതികരിച്ചു. തന്നെയും കൊല്ലുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. മകനുനേരെയുണ്ടായ ക്രൂരതയിൽ ഈ വിധി പോരെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും.

ഇതരജാതിയിൽപ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തിലാണ് പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണു കേസ്. വിവാഹത്തിന്റെ 88–ാം ദിവസമായിരുന്നു കൊലപാതകം. വിവാഹശേഷം പലപ്പോഴായി അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനു മുൻപു താലിയറുക്കുമെന്ന് പ്രഭുകുമാർ മകളെ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും അനീഷിന്റെ കുടുംബാംഗങ്ങൾക്കു ധനസഹായം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവങ്ങളിൽ അപൂർവം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്കു പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖൻ, കെ.രാധ എന്നിവർ ആവശ്യപ്പെട്ടു.

വിവാദമായ കേസ് അന്വേഷിച്ചതു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സി.സുന്ദരനാണ്. അനീഷിന്റേതു ദുരഭിമാനക്കെ‍ാലയെന്നു വ്യക്തമാക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോൺ 2024 മാർച്ചിൽ കുറ്റപത്രം സമർപ്പിച്ചു. ഹരിത, അനീഷിന്റെ സഹോദരൻ അരുൺ എന്നിവർ ഉൾപ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. കേസിൽ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞതായി പ്രോസിക്യൂഷൻ അഭിഭാഷകൻ പി.അനിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *