തേങ്കുറിശ്ശി ദുരഭിമാന കൊല: ശിക്ഷാവിധി അൽപ്പ സമയത്തിനകം

0

പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ഹരിതയും അനീഷിന്റെ മാതാപിതാക്കളും…

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ഇന്ന് രാവിലെ 11 മണിക്ക്ശിക്ഷ വിധിക്കും. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ഹരിതയും അനീഷിന്റെ മാതാപിതാക്കളും പറയുന്നു.

പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദിച്ചത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ഇരു പ്രതികളും കോടതിക്ക് മുൻപാകെ പറഞ്ഞിരുന്നു.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. വിവാഹത്തിന്‍റെ 88-ാം നാളിലാണ് അനീഷ് കുത്തേറ്റ്‌ മരിച്ചത്.

പെയിൻ്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി ഹരിത വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ജാതി വ്യത്യാസത്തിന്റെ പേരില്‍ ഇരുവരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

മൂന്ന് മാസത്തെ പക മനസ്സില്‍ സൂക്ഷിച്ച പ്രതികൾ അനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. സമീപത്തുള്ള കടയില്‍ സോഡ കുടിക്കാനായി നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനും വെട്ടേറ്റ അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *