‘അന്ന് സുരേഷ് ഗോപിക്ക് അകമ്പടി പോയ പൊലീസാണ് ഇപ്പോൾ കേസെടുത്തത്’: പരിഹസിച്ച് വി.ഡി.സതീശൻ
പാലക്കാട്∙ തൃശൂർ പൂരം നഗരിയിലേക്ക് ആംബുലൻസിലെത്തിയ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ആളുകളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാരോട് വരാൻ പാടില്ലെന്ന് പറഞ്ഞ സ്ഥലത്തേക്കാണ് സ്ഥാനാർഥിയായ സുരേഷ് ഗോപി വന്നത്. ഇത് എല്ലാവരും കണ്ടതാണ്. അന്ന് സുരേഷ് ഗോപിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. കൊടകര കുഴൽപണ കേസ് രാഷ്ട്രീയ ആയുധമാക്കാൻ ഒരിക്കലും സിപിഎം തയാറായില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ‘‘കേസിൽ കൃത്യമായ മൊഴി ഉണ്ടായിട്ടും അത് സിപിഎം ഉപയോഗപ്പെടുത്തിയില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും പിണറായി വിജയനും ബിജെപിക്കെതിരായ ആരോപണം മൂടിവച്ചു. കേസിൽ പൊലീസ് കൃത്യമായി അന്വേഷണം നടത്തിയിരുന്നെങ്കിലും അതും മൂടിവച്ചു. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയായി, കേസിൽ അന്വേഷണം നടക്കാത്ത സാഹചര്യം പോലും ഉണ്ടായി. പുനരന്വേഷണത്തിന് ഇപ്പോൾ എന്ത് പ്രസക്തി, അന്ന് തന്നെ പൊലീസ് കേസ് അന്വേഷിച്ചതാണ്. കണ്ണിൽ പൊടിയിടാനാണ് മൂന്നു കൊല്ലം കഴിഞ്ഞ് കേസ് വരുന്നത്. ബിജെപിയുമായി ഉള്ളത് ദേശീയ തലത്തിലുള്ള ധാരണയാണ്. അതിനാലാണ് കേസന്വേഷിക്കാൻ ഇഡിക്ക് പോലും നിസംഗത വന്നത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് സുരേന്ദ്രന് അനുകൂലമാക്കിയതും ഇതേ സിപിഎം – ബിജെപി ധാരണയാണ്.’’ – വി.ഡി സതീശൻ പറഞ്ഞു.