എത്രകാലം ഭയത്തിന്റെ നിഴലിൽ ഇന്ത്യക്കാർ ജീവിക്കും : തേജസ്വി യാദവ്
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നും രാജ്യതലസ്ഥാനത്ത് ഇത്തരമൊരു സ്ഫോടനമുണ്ടായത് ആശങ്കപ്പെടുത്തുന്നതും ദുഃഖകരവുമാണെന്ന് തേജസ്വി പറഞ്ഞു. സമൂഹമാധ്യമത്തിൽ വീഡിയോ സന്ദേശത്തോടൊപ്പമാണ് തേജസ്വിയുടെ പ്രതികരണം.പ്രിയപ്പെട്ടവരെ നഷ്ടമായ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു. രാജ്യ സുരക്ഷയുടെ കാര്യത്തിൽ അത് പുൽവാമയായാലും പഹൽഗാം ആയാലും നാം സർക്കാരിനൊപ്പം ഉറച്ചുനിന്നു. രാജ്യത്തിന്റെ സുരക്ഷയെക്കാളും പരമാധികാരത്തെക്കാളും പ്രധാന്യമുള്ള മറ്റൊന്നുമില്ല.
വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ തക്കതായ ശിക്ഷ നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെടുകയാണ് തേജസ്വി പറഞ്ഞു. എത്രകാലം ഭയത്തിന്റെ നിഴലിൽ ഇന്ത്യക്കാർ ജീവിക്കും? എന്ന ചോദ്യവും തേജസ്വി ഉന്നയിച്ചു. ഡൽഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബിഹാറിൽ ജാഗ്രത കടുപ്പിച്ചു. നാളെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സുരക്ഷ ശക്തമാക്കിയത്. നിരീക്ഷണം ശക്തമാക്കാനും ആൾക്കൂട്ടങ്ങൾ ശ്രദ്ധിക്കാനും എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദേശം നൽകി.
