ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം: പ്രതികൾ പിടിയിൽ
കൊച്ചി: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന്നിടത്തിൽ വീട്ടിൽ സൂര്യ (20) എന്നിവരെയാണ് എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്.
24 ന് വെങ്ങോല മാർ ബഹനാം സഹദ് വലിയപള്ളി, 28ന് രാത്രി പെരുമാലി സെൻറ് ജോർജ് യാക്കോബായ പള്ളി എന്നീ പള്ളികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പള്ളികൾ കണ്ടുവച്ച് രാത്രി സമയം ബൈക്കിൽ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. അന്വേഷണത്തിൽ കഴിഞ്ഞമാസം കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നെടുങ്ങപ്ര, കീഴില്ലം പള്ളികളിലും, ഈ മാസം 18ന് കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും ഇവർ മോഷണം നടത്തിയതായി തെളിഞ്ഞു.
കേസിലെ ഒന്നാംപ്രതി ആൽവിൻ ബാബുവിന് കുറുപ്പുംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളുണ്ട്. പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണം നടത്തിക്കിട്ടുന്ന പണം മയക്കുമരുന്ന് വാങ്ങുന്നതിനും ആഢംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിക്കുന്നത്.പെരമ്പാവൂർ എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ പി.എ അബ്ദുൾ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.