വീട്ടുകാർ സിനിമക്ക് പോയി; വീട് കുത്തിത്തുറന്ന് 10 പവൻ മോഷ്ടിച്ചു
ബാലരാമപുരം :വീടുകുത്തിതുറന്ന് മോഷ്ടാവ് പത്തര പവൻ സ്വർണം മോഷ്ടിച്ചു. ബാലരാമപുരം തലയൽ കാറാത്തല അശ്വതി വിലാസത്തിൽ ഗോപാലകൃഷ്ണൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്.തിങ്കളാഴ്ച രാത്രി ഏഴിനും ഒമ്പതിനുമിടയിൽ മോഷണം നടന്നതായാണ് നിഗമനം. വീട്ടുകാർ സിനിമ കാണാൻ പോയ തക്കത്തിന് വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് രണ്ടു പവന്റെ രണ്ടു വള, നാലു പവന്റെ മാല, 2.5 പവന്റെ കമ്മൽ എന്നിവയാണ് മോഷ്ടിച്ചത്. സ്വർണാഭരണം സൂക്ഷിച്ചിരുന്ന അലമാര പൂട്ടാതിരുന്നത് മോഷ്ടാവിന് എളുപ്പമായി. ജോലികഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഗോപാല കൃഷ്ണൻ നായർ അലമാര തുറന്ന് കിടന്നത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല.
സിനിമ കഴിഞ്ഞ് മടങ്ങിയെത്തിയ മകളാണ് അലമാര തുറന്ന് കിടക്കുന്നത് കണ്ട് മോഷണം നടന്നതായി കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻറ് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരത്ത് അടുത്തിടെ മോഷണം വർധിക്കുന്നതും ഏറെ ആശങ്കക്കിടയാക്കുന്നു. ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.