മയിൽ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ
ഹൈദരാബാദ്: മയിലിനെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോടം പ്രണയ് കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ‘പരമ്പരാഗതരീതിയിൽ മയില്‍ കറി’ തയ്യാറാക്കുന്നവിധം എന്ന പേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിവാദമായതിന് പിന്നാലെ ഇയാള്‍ വീഡിയോ യൂട്യൂബില്‍നിന്ന് നീക്കംചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കോടം പ്രണയ് കുമാറിനെ അറസ്റ്റ് ചെയ്തത്. പോലീസും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇയാളുടെ രക്തസാമ്പിളും ഇയാളുണ്ടാക്കിയ കറിയും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇയാളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ കാട്ടുപന്നിയെ പാകംചെയ്യുന്നതിന്റെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.