കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ‘ദി വയർ’

ന്യൂഡൽഹി: വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം കേന്ദ്ര സർക്കാർ തടഞ്ഞതായി ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ച് ദി വയർ. രാജ്യത്തുടനീളം വയറിൻ്റെ വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം തടഞ്ഞതായാണ് ആരോപണം. 2000 ലെ ഐടി ആക്ട് പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് ഇൻ്റർനെറ്റ് സേവനദാതാക്കളെ ഉദ്ധരിച്ചാണ് ദി വയർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സത്യസന്ധവും നീതിയുക്തവുമായ ശബ്ദങ്ങളും വാർത്തകളുടെയും വിവരങ്ങളുടെയും ഉറവിടങ്ങളും ഉൾപ്പെടെ രാജ്യത്തിന് വിലപ്പെട്ടതാണെന്നും അതിനാൽ തന്നെ ഈ നിർണ്ണായക സമയത്തെ ഈ നഗ്നമായ സെൻസർഷിപ്പിനെതിരെ പ്രതിഷേധിക്കുന്നുവെന്നും ദി വയർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ നീക്കത്തിനെതിരെ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും വയർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ പിന്തുണയിൽ കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്ന ദി വയർ ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. എല്ലാ വായനക്കാർക്കും സത്യവും കൃത്യവുമായ വാർത്തകൾ നൽകുന്നതിൽ നിന്ന് പിന്തിരിയില്ലെന്നും ദി വയർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. സത്യമേവ ജയതേ എന്ന് പറഞ്ഞാണ് ദി വയർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.