വിശുദ്ധ റമദാൻ മാസത്തിൽ 1,518 തടവുകാർക്ക് പൊതുമാപ്പ് നൽകി യു എ ഇ.

അബുദാബി : വിശുദ്ധ റമദാൻ മാസത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ തടവുകാർക്ക് പൊതുമാപ്പ് നൽകി യുഎഇ. പൊതുമാപ്പ് നൽകിയവരിൽ 500ലധികം ഇന്ത്യൻ പൗരന്മാരുമുണ്ട്. റമദാൻ പ്രമാണിച്ച് 1,295 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതോടെ യുഎഇ ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 1,518 തടവുകാർക്കാണ് മാപ്പ് നൽകിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ വർഷവും റമദാൻ മാസത്തിൽ തടവുകാർക്ക് പൊതു മാപ്പ് നൽകുന്ന രീതിയുണ്ട്. വിശുദ്ധ മാസത്തിൻ്റെ പ്രതീകമായാണ് ഇത്തരത്തിൽ നിശ്ചിത തടവുകാർക്ക് പൊതു മാപ്പ് നൽകുന്നത്. ജയിലിൽ കഴിയുന്നവർക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കം നൽകാനും തിരികെ കുടുംബവുമായി ഒത്തുചേരാനും കഴിയുക എന്ന ലക്ഷ്യത്തോടെയാണ് പൊതു മാപ്പ് നൽകുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ ഇസാം ഇസ്സാ അൽ ഹുമൈദാൻ പറഞ്ഞു.തടവിൽ കഴിയുന്നവരുടെ മോചനം സംബന്ധിച്ച് ദുബായ് പൊലീസും ദുബായ് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് വേണ്ട നിയമനടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ഇസാം ഇസ്സാ അൽ ഹുമൈദാൻ വ്യക്തമാക്കി. മോചിതരാക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാനും അവർക്ക് പുതിയ ജീവിതം ആരംഭിക്കാനും കഴിയുമെന്നും ദുബായ് അറ്റോർണി ജനറൽ ചാൻസലർ ഇസാം ഇസ്സാ അൽ ഹുമൈദാൻ പറഞ്ഞു. നല്ല പെരുമാറ്റത്തിൻ്റെയും സ്വഭാവ ഗുണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ തടവുകാരെ മോചനത്തിനായി തെരഞ്ഞെടുക്കുന്നത്.