ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ യുടെ സ്റ്റേ നീക്കി
എറണാകുളം: ആസിഫ് അലി നായകനാകുന്ന ‘ആഭ്യന്തര കുറ്റവാളി’ എന്ന സിനിമയുടെ സ്റ്റേ നീക്കി എറണാകുളം കോമേഴ്‌ഷ്യൽ കോടതി. നിർമാതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയിലായിരുന്നു സ്റ്റേ നൽകിയത്. കൂടുതൽ അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പുമായി സിനിമയ്ക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതിനാലാണ് സ്റ്റേ നീക്കം ചെയ്തത്.
നിർമാണവുമായി ബന്ധപ്പെട്ട് വിവിധ തവണകളായി അണിയറക്കാർക്ക് പണം നൽകിയെന്നും എന്നാൽ പിന്നീട് പറ്റിക്കപ്പെട്ടെന്നും അണിയറക്കാർ മറ്റൊരു നിർമാതാവിനെ കണ്ടെത്തിയെന്നുമുള്ള ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.കെ അനീഷിന്റെ പരാതിയില്ലായിരുന്നു സ്റ്റേ. എന്നാൽ, ആദ്യത്തെ നിർമാതാവ് പണം വാങ്ങിയതുമായി സിനിമയ്ക്കോ സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കോ ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. നിലവിൽ സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതായി തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
നവാഗതനായ സേതുനാഥ് സംവിധാനം ചെയ്ത് നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖ താരം തുളസിയാണ് നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുഗ്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.