ലോക സമ്പന്നരിൽ രണ്ടാമനായി സക്കർബർഗ്; യൂസഫലിയും പട്ടികയിൽ, അംബാനിക്കും അദാനിക്കും ക്ഷീണം

0

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി രണ്ടാംസ്ഥാനം സ്വന്തമാക്കി മാർക്ക് സക്കർബർഗ്. ആസ്തിയിൽ ഒറ്റദിവസം 343 കോടി ഡോളറിന്റെ (ഏകദേശം 28,700 കോടി രൂപ) മുന്നേറ്റവുമായാണ് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗ് രണ്ടാംസ്ഥാനം പിടിച്ചെടുത്തതെന്ന് ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടിക വ്യക്തമാക്കുന്നു. 20,600 കോടി ഡോളറാണ് (17.26 ലക്ഷം കോടി രൂപ) നിലവിൽ സക്കർബർഗിന്റെ ആസ്തി.

20,500 കോടി ഡോളർ (17.17 ലക്ഷം കോടി രൂപ) ആസ്തിയുമായി ബെസോസ് മൂന്നാംസ്ഥാനത്തായി. ആസ്തിയിൽ 262 കോടി ഡോളറിന്റെ കുറവുണ്ടായതാണ് തിരിച്ചടിയായത്. 25,600 കോടി ഡോളർ (21.45 ലക്ഷം കോടി രൂപ) ആസ്തിയുമായി സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്കാണ് ലോകത്തെ ഏറ്റവും സമ്പന്നൻ. ആസ്തിയിൽ 597 കോടി ഡോളറിന്റെ കനത്ത ഇടിവുണ്ടായെങ്കിലും ഒന്നാംസ്ഥാനം മസ്ക് നിലനിർത്തി.

ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത് (ആസ്തി 19,300 കോടി ഡോളർ). ഓറക്കിൾ സ്ഥാപകൻ ലാറി എലിസൺ (17,900 കോടി ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (16,100 കോടി ഡോളർ), ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് (15,000 കോടി ഡോളർ), മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബോൾമർ (14,500 കോടി ഡോളർ), ബെർക്‍ഷെയർ ഹാത്തവേ സ്ഥാപകൻ വാറൻ ബഫറ്റ് (14,300 കോടി ഡോളർ), ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ (14,100 കോടി ഡോളർ) എന്നിവരാണ് ആദ്യ 10ലെ മറ്റുള്ളവർ.

10,700 കോടി ഡോളറുമായി (8.96 ലക്ഷം കോടി രൂപ) 14-ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. അദ്ദേഹത്തിന്റെ ആസ്തിയിൽ 429 കോടി ഡോളർ കുറഞ്ഞിട്ടുണ്ട്. ഗൗതം അദാനി 17-ാം സ്ഥാനത്താണ്. 10,000 കോടി ഡോളറാണ് (8.38 ലക്ഷം കോടി രൂപ) ആസ്തി. അദാനിയുടെ ആസ്തിയിലും 293 കോടി ഡോളർ കുറഞ്ഞു. മലയാളികളിലെ ഏറ്റവും സമ്പന്നനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി 483-ാം സ്ഥാനത്താണ്. 646 കോടി ഡോളറാണ് (54,130 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *