‘പവർ ഗ്രൂപ്പ് വിചാരിച്ചതിനേക്കാൾ ശക്തർ’;നേരിടുന്നത് വലിയ സംഘത്തെ, ഭയമുണ്ട്
കൊച്ചി∙ വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നിൽക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും സംവിധായകൻ ജോഷി ജോസഫ്. തനിക്കു ബോധ്യമുള്ള കാര്യത്തിൽ അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്തിൽനിന്നു തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചു ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതു ഡോക്യൂമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്.
താൻ വിചാരിച്ചതിനേക്കാൾ ശക്തരാണു പവർ ഗ്രൂപ്പെന്ന് ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തിൽ ഇത്തരം കാര്യങ്ങളുണ്ടെന്നു തെളിയിക്കാൻ ബംഗാളിൽനിന്ന് ഒരാൾ വരേണ്ടി വന്നു. തന്നെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടന്നു. രഞ്ജിത്തിന്റെയും സിദ്ദീഖിന്റെയും രാജിയോടെ വ്യവസ്ഥ ആകെ മാറുമെന്ന് കരുതുന്നില്ല. ഡബ്ല്യുസിസിയുടെ പ്രവർത്തനം ആരംഭിച്ചതോടെ സിനിമാ മേഖലയിൽ വലിയ വ്യത്യാസമുണ്ടായി. ശ്രീലേഖ മിത്രയ്ക്ക് ഇ മെയിലായി പരാതി നൽകാമെന്നും ഇവിടെ നേരിട്ട് വരേണ്ട കാര്യമില്ലെന്നും ജോഷി ജോസഫ് പറഞ്ഞു.
ശ്രീലേഖ മിത്രയുടെ അനുഭവത്തെക്കുറിച്ച് അന്നു തന്നെ അവർ തന്നോടു പറഞ്ഞതായി ഡോക്യൂമെന്ററി സംവിധായകൻ ജോഷി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലും കേരളത്തിലുമായി താമസിക്കുന്ന താൻ അന്ന് നാട്ടിലായിരുന്നു. സുഹൃത്തായ ശ്രീലേഖയെ വിളിച്ചപ്പോഴാണ് അവർ വിഷമത്തോടെ ഇക്കാര്യം പറഞ്ഞത്. ഹോട്ടലിലെത്തി ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. സുഹൃത്തായ ഫാ. അഗസ്റ്റിൻ വട്ടോളിയോടും അന്ന് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും ജോഷി ജോസഫ് വ്യക്തമാക്കിയിരുന്നു.