മഴ കനത്തതിനെ തുടർന്നു ഭിത്തിക്ക് വിള്ളൽ ഉണ്ടായതോടെ പുറത്തുചാടാതിരിക്കാൻ നൂറിലധികം മുതലകളെ കൊന്നൊടുക്കി ഉടമ
വെള്ളപ്പൊക്കത്തില്‍ പുറത്തുചാടുമെന്ന് ഭയന്ന് ഒരു കര്‍ഷകന്‍ തന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന 120 മുതലകളെ കൊന്നൊടുക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്.
തായ്‌ലന്‍ഡിന്റെ വടക്കന്‍ പ്രവിശ്യയിലുള്ള ലാംഫുണിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. നത്തപക് ഖുംകഡ് എന്ന കര്‍ഷകനാണ് തന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന മുതലകളെ കൂട്ടക്കുരുതി ചെയ്തത്. വംശനാശഭീഷണി നേരിടുന്ന സയാമീസ് ഇനത്തില്‍പെട്ട 120 മുതലകളെയാണ് ഇയാള്‍ ഫാമില്‍ വളര്‍ത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് ഖുംകഡ് പറയുന്നതിങ്ങനെ: 17 വര്‍ഷമായി ഞാന്‍ ഈ മുതല ഫാം നടത്തുന്നു. മുമ്പും വെള്ളപ്പൊക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഫാമിനെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ സ്ഥിതി മാറി.
മുതലകളെ വളര്‍ത്തിയിരുന്ന പ്രത്യേക ഇടത്തിന്റെ സംരക്ഷണഭിത്തിക്ക് വിള്ളല്‍ കണ്ടു. വെള്ളം ഇനിയും ശക്തമായി ഒഴുകിയെത്തിയാല്‍ അത് ഭിത്തി തകര്‍ത്ത് അകത്തേക്ക് പ്രവേശിക്കുമെന്ന് ഉറപ്പായി. 24 മണിക്കൂറിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഉടന്‍തന്നെ ലംഫൂണിലെ ഫിഷറി ഓഫീസ് ചീഫ് പോണ്‍തിപ് നുവലനോങുമായി ബന്ധപ്പെട്ടു. 13 അടിവരെ നീളമുള്ള മുതലകളെ ഇങ്ങനെ ഒരു സാഹചര്യത്തില്‍ എങ്ങോട്ടെങ്കിലും മാറ്റുക എന്നത് ദുഷ്‌കരമാണെന്ന് ചീഫ് പറഞ്ഞതോടെ കടുത്ത തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
മുതലകളെ വളര്‍ത്തിയിരുന്ന ടാങ്കിനുള്ളിലെ വെള്ളത്തിലേക്ക് കറന്റ് കടത്തിവിട്ടാണ് അവയെ കൊന്നത്. ടാങ്ക് തകര്‍ന്ന് ഈ മുതലകള്‍ പുറത്തുപോയാലുള്ള അവസ്ഥ ആലോചിച്ചപ്പോഴാണ് ഇതു ചെയ്യാനുള്ള ധൈര്യം എനിക്ക് കിട്ടിയത്. വെള്ളം കൊണ്ടുതന്നെ ജനങ്ങള്‍ ദുരിതത്തിലാണ്, അപ്പോള്‍ വെള്ളത്തിലൂടെ മുതലകള്‍ കൂടി വന്നാലോ.. ആലോചിക്കാന്‍ കൂടി വയ്യ. അതിനാല്‍ നഷ്ടപ്പെടാവുന്ന നിരവധി ജീവനുകളെ ഓര്‍ത്താണ് ഞാന്‍ ഈ പ്രവൃത്തി ചെയ്തത്. മറ്റെന്തെങ്കിലും ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ ഞാനിതു ചെയ്യില്ലായിരുന്നു, ഖുംകഡ് പറയുന്നു.
തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ബ്രൂണെ, കിഴക്കന്‍ മലേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ശുദ്ധജല മുതലയാണ് സയാമീസ് മുതലകള്‍. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് ഇവ. തോലിനും ഇറച്ചിക്കുമായി വലിയ തോതില്‍ കൊന്നൊടുക്കിയതാണ് ഇവയെ വംശനാശത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ഇപ്പോഴും തായ്‌ലന്‍ഡില്‍ ഉടനീളം സയാമീസ് മുതലകളെ ഫാമുകളില്‍ വളര്‍ത്തുകയും തോലിനും ഇറച്ചിക്കുമായി കശാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്