ആലപ്പുഴ പൂച്ചാക്കലിൽ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ കസ്റ്റഡിയില്‍

0

ആലപ്പുഴ : നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയമുയർന്നിരിക്കുന്നത്. യുവതി അവിവാഹിതയാണ്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കൾ കസ്റ്റഡിയിലായിട്ടുണ്ട്. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കുഞ്ഞിന്റെ മൃതദേ​ഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേ സമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറി. ഇയാൾ മറ്റൊരു സു​ഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ മൃതദേഹം മറവ് ചെയ്ത് എന്നാണ് പൊലീസ്പറയുന്നത്. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *