സ്കൂൾവിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാസ് സർവേ നവംബർ 19-ന് നടക്കും

0

തിരുവനന്തപുരം: സ്കൂൾവിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) നവംബർ 19-ന് നടക്കും. 2021-ലെ സർവേയിൽ കേരളം പിന്നിലായിരുന്നു. ഭാഷയിലും ഗണിതത്തിലും അടിസ്ഥാനശേഷി ആർജിക്കാനായില്ലെന്നും വിലയിരുത്തലുണ്ടായി. ഇത്തവണ പ്രതിവാരപരീക്ഷകളും മോഡൽ പരീക്ഷകളും നടത്തി കുട്ടികളെ ഒരുക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ഇതിന് പ്രവർത്തനകലണ്ടർ തയ്യാറാക്കി.

ഇത്തവണ മൂന്ന്, ആറ്, ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് നാസ് സർവേ. ഇതിനുകുട്ടികളെ സജ്ജരാക്കാൻ എല്ലാ ആഴ്ചയും അഞ്ചുമുതൽ പത്തുവരെ ചോദ്യങ്ങൾ പരിശീലിപ്പിക്കും. നാസിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സംസ്ഥാനസെൽ രൂപവത്കരിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഏഴു പ്രതിവാരപരീക്ഷകളും മൂന്നു മോഡൽ പരീക്ഷകളും നടത്തും.ഈമാസം 16, 24 സെപ്റ്റംബർ 26, ഒക്ടോബർ ഒൻപത്, 15, 21, നവംബർ ഏഴ് ദിവസങ്ങളിലായിരിക്കും പ്രതിവാര പരീക്ഷകൾ. ആദ്യത്തെ മോഡൽപരീക്ഷ ഈ മാസം 31-ന് നടക്കും. ഒക്ടോബർ മൂന്നിനും നവംബർ 11-നുമാണ് മറ്റു പരീക്ഷകൾ.

ലക്ഷ്യം നേടിയ അറിവ് വിലയിരുത്തൽ

ഓരോക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ലക്ഷ്യം. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിനുകീഴിലെ പരാഖ് ഏജൻസിയുടെ നേതൃത്വത്തിലാണ് സർവേ. മൂന്നുക്ലാസിലെയും എല്ലാ കുട്ടികളും പരീക്ഷ എഴുതേണ്ടതില്ല. ഒരു സ്കൂളിൽനിന്ന്‌ 30 കുട്ടികളാണ് പരീക്ഷ എഴുതേണ്ടത്.വിവരണാത്മകമായ ചോദ്യം നൽകി ഒ.എം.ആർ. ഷീറ്റിൽ ഉത്തരമെഴുതണം. കുറഞ്ഞത് 45 ചോദ്യങ്ങളുണ്ടാവും. മൂന്നും ആറും ക്ലാസുകാർക്ക് കണക്ക്, ഭാഷ, ചുറ്റുമുള്ള ലോകം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ഒൻപതിന് കണക്ക്, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയാണ് വിഷയങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *