ആന്റിബയോട്ടിക് കഴിച്ച മോഡലിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ശരീരം മുഴുവന്‍ ചൊറിഞ്ഞു പൊട്ടുകയുംചെയ്തു .
ആന്റിബയോട്ടിക് മരുന്ന് തുടര്‍ച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോര്‍ട്ട്. തായ്‌ലന്റ് സ്വദേശിയായ 31 കാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സസിനന്‍ ചുന്‍ലോസാങ് എന്ന യുവതിയുടെ ശരീരത്തിലാണ് ചുവന്ന നിറത്തിലുള്ള തിണര്‍പ്പുകളും കുരുക്കളും പ്രത്യക്ഷപ്പെട്ടത്. ഇവരുടെ കാഴ്ചയും കുറഞ്ഞുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സ്വിം സ്യൂട്ട് മോഡലായ സസിനാന്‍ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്.
’’ എന്റെ ശരീരം മുഴുവന്‍ ചൊറിച്ചിലും തിണര്‍പ്പും ഉണ്ടായി. വളരെയധികം വേദന തോന്നി. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് പറയാന്‍ പോലുമാകുന്നില്ല,’’ എന്നാണ് യുവതി പറഞ്ഞത്.
ജൂലൈ പതിനെട്ടിന് സസിനന് തൊണ്ടവേദന അനുഭവപ്പെട്ടിരുന്നു. തൊണ്ടവേദനയെ കൂടാതെ തന്റെ രണ്ട് കണ്ണിലും ചുവപ്പ് നിറം പടര്‍ന്നിരുന്നുവെന്നും യുവതി പറഞ്ഞു. ഉടന്‍ തന്നെ ബാങ്കോക്കിലെ ഒരു ആശുപത്രിയില്‍ താന്‍ പോയെന്നും അവിടെ വെച്ചാണ് തനിക്ക് ടോണ്‍സിലിറ്റിസ് ആണെന്ന് അറിഞ്ഞതെന്നും യുവതി പറഞ്ഞു. യുവതിയെ പരിശോധിച്ച ഡോക്ടര്‍ സാധാരണ ഇത്തരം രോഗികള്‍ക്ക് നല്‍കുന്ന ആന്റിബയോട്ടികായ സെഫ്ട്രിയാക്‌സോണ്‍ യുവതിയ്ക്കും നല്‍കി. എന്നാല്‍ ഈ മരുന്ന് കഴിച്ചതിന് പിന്നാലെയാണ് യുവതിയുടെ ശരീരത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാകാന്‍ തുടങ്ങിയത്.
മരുന്ന് കഴിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും യുവതിയുടെ അവസ്ഥ ഗുരുതരമാകാന്‍ തുടങ്ങി. നെഞ്ച് വേദനയും, കാഴ്ച മങ്ങലും, മുഖത്ത് നീര് വെയ്ക്കലും യുവതിയ്ക്ക് അനുഭവപ്പെട്ടു. നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായെന്നും യുവതി പറഞ്ഞു.
ഉടനെ തന്നെ ആശുപത്രിയിലെത്തിയ സസിനന് ഡോക്ടര്‍മാര്‍ വീണ്ടും സെഫ്ട്രിയാക്‌സോണ്‍ തന്നെ കൊടുത്തു. കൂടാതെ സസിനന് ചിക്കന്‍ പോക്‌സാണെന്നും പറഞ്ഞു.
ദിവസം കഴിയുന്തോറും സസിനാന്റെ സ്ഥിതി ഗുരുതരമായിക്കൊണ്ടിരുന്നു. ഇവരുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഉടനെ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചും ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയ ആന്റിബയോട്ടിക് മരുന്ന് യുവതിയ്ക്ക് കൊടുത്തു. ഏകദേശം 7 ദിവസത്തോളമാണ് സസിനന്‍ ഐസിയുവില്‍ കിടന്നത്.
രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സസിനനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് ഇവര്‍ക്ക് ‘സ്റ്റീവന്‍സ് ജോണ്‍സണ്‍ സിന്‍ഡ്രോം’ എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചത്. ചില മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന രോഗാവസ്ഥയാണിത്.
സസിനന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. തന്റെ ഐടി ജോലിയില്‍ നിന്നും മോഡലിംഗില്‍ നിന്നും സസിനന്‍ താല്‍ക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ്. സസിനന്റെ ശരീരത്തില്‍ മുറിവുകള്‍ നിറഞ്ഞിരിക്കുന്നുണ്ട്. കഴുത്തിലെ മുറിവില്‍ നിന്ന് രക്തവും പഴുപ്പും ഒഴുകിയിരുന്നു. ഇതോടെ യുവതിയുടെ കഴുത്തില്‍ ബാന്‍ഡേജിട്ടിരിക്കുകയാണ്. നല്ല നീളമുള്ള മുടിയായിരുന്നു സസിനന്റേത്. ശരീരത്തില്‍ മുറിവുകള്‍ കൂടിയതോടെ മുടിയും മുറിക്കേണ്ടിവന്നു. നിലവില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു.