പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ഇയാൾ സഞ്ജു എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്നത്. ഇയാൾ ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 30 ഓളം പെൺകുട്ടികളുടെ ഫോട്ടോ കൈക്കലാക്കിയതായും പോലീസ് സംശയിക്കുന്നു.
അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. ഇയാൾ ഭീഷണിപ്പെടുത്തിയതോടെ വിദ്യാർഥിനി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അഞ്ചൽ സിഐ ഹരീഷ്, എസ് ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കുമാർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.