ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചയാളെ അറസ്റ്റു ചെയ്തു
കന്യാകുമാരി: കന്യാകുമാരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മരിയ സന്ധ്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചനിലയിലായിരുന്നു കണ്ടെത്തിയത്.
കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചുഗ്രാമത്തില്‍ താമസത്തിനെത്തിയത്. തൂത്തുക്കുടിയില്‍ മീന്‍ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ.
അടുത്തിടെയായി മരിയ സന്ധ്യയുടെ പെരുമാറ്റത്തില്‍ മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാന്‍ മാരിമുത്തു ആവശ്യപ്പെട്ടു.തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം നടത്തിയത്. മൃതദേഹം വീട്ടില്‍നിന്ന് മാറ്റുന്നതിനിടെയാണ് മാരിമുത്തു പൊലീസ് പിടിയിലാവുന്നത്. മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിച്ച ശേഷം ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
നാട്ടുകാര്‍ മാരിമുത്തുവിനെ തടഞ്ഞുവച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.