മലയാളം മിഷൻ പഠനോത്സവം നവംബർ 17 ന് ആരംഭിക്കും
പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠിതാക്കള്‍ക്ക് ഹൃദ്യമായ വിനോദോപാധികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള
പഠനോത്സവങ്ങളാണ് മലയാളം മിഷന്‍ നടത്തുന്ന പൊതുപരീക്ഷകള്‍. കുഞ്ഞുങ്ങളുടെ താല്‍പര്യങ്ങളെ
കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയും ഉള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പഠിതാക്കളെ തികച്ചും സ്വതന്ത്രരാക്കി അവരുടെ അന്ത:കരണത്തിലുള്ള യഥാര്‍ത്ഥ അറിവുകളെ വെളിപ്പെടുത്തുന്ന മൂല്യനിര്‍ണയവുമാണ് ഈ പരീക്ഷകളുടെ പ്രത്യേകതകള്‍.
മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ നിന്നുള്ള കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ പഠിതാക്കൾക്കുള്ള ഈ വർഷത്തെ പഠനോത്സവം 2024 നവംബർ 17ന് നടക്കും.
പ്രവേശന പരീക്ഷയില്‍ സൂര്യകാന്തിയിലും ആമ്പലിലും പതിനഞ്ച് വീതവും നീലക്കുറിഞ്ഞിയിലേക്ക് ഇരുപത്തിയഞ്ചും പഠിതാക്കളും പങ്കെടുക്കും.
മീര-വസായ് മേഖലയിലെയും നല്ലസോപ്പാര-ബോയിസര്‍ മേഖലയിലെയും പരീക്ഷാർത്ഥികള്‍ ബോയ്റില്‍ സി.ടി.ഇ.എസ് സ്കൂളിലെ പഠനോത്സവകേന്ദ്രം ഒന്നില്‍ പങ്കെടുക്കും. ബാന്ദ്ര-ദഹിസര്‍, പവായ്-സാക്കിനാക്ക-ഈസ്റ്റേണ്‍, താന, മാൻഖുർദ്ദ്-കൊളാബ മേഖലകളില്‍ നിന്നുള്ള പരീക്ഷാർത്ഥികള്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ പഠനോത്സവകേന്ദ്രം രണ്ടിലും മഹാഡ്-കാമോഠേ,ഖാർഘർ-ഐരോളി മേഖലകളില്‍ നിന്നുള്ളവർ ഖാര്‍ഘറിലെ ഹാര്‍മണി സ്കൂളിലെ പഠനോത്സവകേന്ദ്രം മൂന്നിലും പങ്കെടുക്കും. മുംബ്ര-കല്യാണ്‍, കല്യാണ്‍-ബദലാപൂര്‍ മേഖലകളില്‍ നിന്നുള്ളവർ കല്യാണ്‍ ഈസ്റ്റില്‍ മോഡല്‍ ഇംഗ്ലീഷ് സ്കൂളിലെ പഠനോത്സവകേന്ദ്രം നാലില്‍ പങ്കെടുക്കും.നാസിക്ക് മേഖലയില്‍ നിന്നുള്ള പരീക്ഷാർത്ഥികള്‍ നാസിക്കിലെ വഡാല സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലെ പഠനോത്സവകേന്ദ്രം അഞ്ചില്‍ പങ്കെടുക്കും. കൊങ്കണ്‍ മേഖലയില്‍ നിന്നുള്ളവർ പെന്‍ – വഡ്ക്കല്‍ മലയാളി സമാജം, രത്നഗിരി മലയാളി സമാജത്തിലെ പഠനോത്സവകേന്ദ്രം ആറില്‍ പങ്കെടുക്കും.
പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓരോ കേന്ദ്രത്തിലും പ്രത്യേക പരിശീലനം നല്‍കിയ ആര്‍.പി.മാരെയും അദ്ധ്യാപകരേയും മറ്റു ഭാരവാഹികളെയും നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ടെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.