2024-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന്റെ നീണ്ട പട്ടിക പുറത്തുവന്നു
ലണ്ടന്‍: 2024-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന്റെ നീണ്ട പട്ടിക പുറത്തുവന്നു. ആറ് അമേരിക്കന്‍ എഴുത്തുകാരുടേതും യു.കെ.യില്‍നിന്നുള്ള രണ്ട് പേരുടേതുമുള്‍പ്പെടെ 13 പുസ്തകങ്ങളാണ് ദീര്‍ഘ പട്ടികയില്‍ ഇടംപിടിച്ചത്.
എഴുത്തുകാരനും അധ്യാപകനുമായ പെസിവല്‍ എവേട്ട്, നോവലിസ്റ്റ് റേച്ചല്‍ കഷ്‌നര്‍, റിച്ചാര്‍ഡ് പവേഴ്‌സ് എന്നിവരാണ് അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരില്‍ ചിലര്‍.
മാര്‍ക് ട്വെയ്‌ന്റെ ‘ഹക്കിള്‍ബറി ഫിന്നി’ന്റെ പുനഃരാഖ്യാനമാണ് പേഴ്‌സിവല്‍ എവെററ്റിന്റെ ‘ജെയിംസ്’ എന്ന നോവല്‍. റേച്ചല്‍ കഷ്‌നറിന്റെ ‘ക്രിയേഷന്‍ലേക്കാ’കട്ടെ ഒരു പരിസ്ഥിതി പ്രവര്‍ത്തക സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ചാരനെക്കുറിച്ച് പറയുന്നു. റിച്ചാര്‍ഡ് പവേഴ്‌സിന്റെ രചനയായ ‘പ്ലേ ഗ്രൗണ്ട്’ പസഫിക് സമുദ്രത്തിലേക്ക് ഫ്‌ളോട്ടിങ് സിറ്റികളയക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് വിവരിക്കുന്നത്.
ഒരു ബഹിരാകാശ നിലയത്തില്‍ ഭൂമിയെ ചുറ്റുന്ന ആറ് ബഹിരാകാശയാത്രികരുടെ ജീവിതകഥ പറയുന്ന സമാന്ത ഹൈര്‍വെയുടെ ‘ഓര്‍ബിറ്റല്‍’, സാറാ പെറിയുടെ ‘എന്‍ലൈറ്റ്‌മെന്റ്’ എന്നിവയാണ് യു.കെ.യില്‍ നിന്നുള്ള കൃതികള്‍.
ഐറിഷ് നോവലിസ്റ്റും കവിയുമായ പോള്‍ ലിഞ്ചിന്റെ ‘പ്രൊഫെറ്റ് സോങ്’ ആണ് കഴിഞ്ഞ വര്‍ഷം ബുക്കര്‍ നേടിയത്.
സാഹിത്യവിഭാഗത്തിലെ ആകര്‍ഷകമായ ബുക്കര്‍ പുരസ്‌കാരം വര്‍ഷംതോറുമാണ് നല്‍കിവരുന്നത്.1968-ല്‍ തുടക്കമിട്ട ബുക്കര്‍ പുരസ്‌കാരത്തിന് ബ്രിട്ടന്‍, ഐര്‍ലന്റ്, കോമണ്‍വെല്‍ത്ത്, സിംബാബ്‌വെ എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൃതികളായിരുന്നു പരിഗണിച്ചിരുന്നത്. 2014 മുതല്‍ ഇംഗ്ലീഷ് ഭാഷയിലെഴുതിയ എല്ലാ നോവല്‍ രചനകള്‍ക്കും അനുമതി നല്‍കിക്കൊണ്ട് യോഗ്യതാ മാനദണ്ഡങ്ങളില്‍ സംഘാടകര്‍ മാറ്റം വരുത്തി. പുരസ്‌കാരത്തിലെ അമേരിക്കന്‍ മേധാവിത്വത്തെക്കുറിച്ച് അന്നുമുതല്‍ക്കേ പരാതികളുയര്‍ന്നിരുന്നു.
ആറ് പുസ്തകങ്ങളടങ്ങിയ ഷോര്‍ട്ട് ലിസ്റ്റ് സെപ്തംബര്‍ 16-ന് പുറത്തുവിടും. നവംബര്‍ 12-ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍വെച്ചാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക.