ഒടുവിൽ ആകാശത്തുനിന്നും ഭൂമിയിലേക്ക് :(VIDEO)സുനിത വില്യംസ് – ബുച്ച് വിൽമോർ ടീമിൻ്റെ ഐതിഹാസികമായ തിരിച്ചുവരവ് !

ഹൈദരാബാദ്: ഒമ്പത് മാസത്തിനുശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തി. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 3.40 ഓടെയാണ് 4 പേരടങ്ങുന്ന സംഘത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകം ഭൂമിയിൽ പതിച്ചത്. ഫ്ലോറിഡയുടെ തീരത്തോട് ചേര്‍ന്നുള്ള അറ്റ്‌ലാൻഡിക് സമുദ്രത്തിലെ മെക്‌സിക്കൻ ഉൾക്കടലിലാണ് ക്രൂ-9 പേടകം പതിച്ചത്.
സുനിത വില്യംസിനും ബുച്ച് വിൽമോറിനും പുറമെ നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനേവ് എന്നിവരും പേടകത്തിലുണ്ടായിരുന്നു. ഭൂമിയിൽ സുരക്ഷിതമായി എത്തിയ സംഘത്തെ ഫ്ലോറിഡയിലെ ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് മെഡിക്കൽ പരിശോധനകൾ നടത്തും. മാർച്ച് 18ന് രാവിലെ ഇന്ത്യൻ സമയം 10:35ഓടെ ആയിരുന്നു ക്രൂ-9 പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടത്.
സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലെത്തിയതോടെ ഇരുവരുടെയും ഒമ്പത് മാസത്തെ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ 5ന് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം ഇവർക്ക് മടങ്ങിവരാനായില്ല.
പിന്നീട് സ്റ്റാർലൈനർ യാത്രക്കാരില്ലാതെ ഭൂമിയിലേക്ക് എത്തിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇരുവർക്കും തിരികെ മടങ്ങാനായില്ല. ഇതോടെ സുനിത വില്യംസും സഹസഞ്ചാരിയായ ബുച്ച് വിൽമോറിനും മാസങ്ങളോളം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്നു. യുഎസ് ഇലക്ഷന് ശേഷം പ്രസിഡന്‍റായി ചുമതലയേറ്റ അധികാരമേറ്റ ഡൊണാൾഡ് ട്രംപ് ഇവരെ തിരികെയെത്തിക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കാൻ ഇലോൺ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന ക്രൂ9 പേടകത്തിന്‍റെ ദൗത്യം നീട്ടിയത് കാരണം സുനിത വില്യംസിന്‍റെ കാത്തിരിപ്പ് വീണ്ടും നീളാൻ കാരണമായി. പിന്നീടാണ് മാർച്ച് 14ന് സ്‌പേസ് എക്‌സ് ക്രൂ-10 പേടകം 4 ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയിൽ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്.
മാർച്ച് 16നാണ് ക്രൂ-10 പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. തുടർന്ന് ക്രൂ-10 പേടകത്തിലെ യാത്രികർക്ക് ബഹിരാകാശ നിലയത്തിന്‍റെ മേൽനോട്ട ചുമതലകൾ കൈമാറിയ ശേഷമാണ് സുനിതയും വിൽമോറും അടങ്ങുന്ന സമയം ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങുന്നത്.
മാസങ്ങൾക്ക് ശേഷം ഭൂമിയിലെത്തിയ ഈ ബഹിരാകാശ യാത്രികർക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നാണ് വിദഗ്‌ധാഭിപ്രായം. മുമ്പും ഇത്തരത്തിൽ മാസങ്ങളായി ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവന്ന യാത്രികർക്ക് കാഴ്‌ച്ചക്കുറവ്, തലകറക്കം, നടക്കാൻ ബുദ്ധിമുട്ട്, മാനസിക പിരിമുറുക്കം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും അസ്ഥികളുടെ സാന്ദ്രത കുറയാനും പേശികൾ ക്ഷയിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത് കാരണം എല്ലുകൾ എളുപ്പത്തിൽ ഒടിയാനും സാധ്യതയുണ്ട്. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം അവരുടെ അസ്ഥികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ നാല് വർഷം വരെ എടുത്തേക്കാം. കൂടാതെ ഇവരുടെ കാൽപ്പാദത്തിലെ ചർമ്മം അടർന്ന് കുട്ടികളേതിന് സമാനമായ മൃദുലമായ ചർമ്മമായി മാറും.
ഇത് കാരണം ഇവർക്ക് നടക്കുമ്പോൾ പ്രയാസം നേരിട്ടേക്കാം. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭാരമെടുക്കുന്നതിനും പ്രയാസം അനുഭവപ്പെടും. ചെറിയ ഭാരമെടുക്കുന്നത് പോലും ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇതിന് പുറമെ ഹൃദയാരോഗ്യ പ്രശ്‌നങ്ങൾ, കാഴ്‌ച പ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദം, രോഗപ്രതിരോധശേഷി കുറവ് എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്.