വിധി ആശ്വാസകരം, ഒന്നാം പ്രതിയെക്കൂടി പിടികൂടണം
കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസിലെ ഹൈക്കോടതിയുടെ വിധി ആശ്വാസം നല്‍കുന്നുവെന്ന് ഷിബിന്റെ അമ്മ അനിത. മകന് നീതി ലഭിച്ചു. ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്നും ഷിബിന്റെ അമ്മ പറഞ്ഞു.
ഹൈക്കോടതിയുടെ വിധി സന്തോഷകരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രതികരിച്ചു. കുടുംബത്തിനും നാടിനും ആശ്വാസം നല്‍കുന്ന വിധിയാണിത്. ഒരു സംഘര്‍ഷവും ഇല്ലാത്തപ്പോഴാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. വര്‍ഗീയ തീവ്രവാദ പശ്ചാത്തലമുള്ള ലീഗുകാരാണ് ഷിബിനെ കൊന്നത്. ലക്ഷണമൊത്ത ഗൂഢാലോചനയാണ് നടന്നത്. വിചാരണക്കോടതിയില്‍ കേസ് മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ടില്ല. കീഴ്ക്കോടതി കേസ് ഗൗരവകരമായി എടുത്തില്ലെന്നും മോഹനന്‍ പറഞ്ഞു.
നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെല്ലാം ചൊവ്വാഴ്ച ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്. കേസിലെ പ്രതികള്‍ വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷത്തിപ്പതിനേഴായിരം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.