ആദ്യം വെടിവെപ്പ് , പിന്നെ വടിവാൾ ആക്രമണം / വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: കാറിലെത്തിയ അക്രമി സംഘം വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ശേഷം
യുവാവിനെ കെട്ടിയിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു . കൊടുവള്ളി കിഴക്കോത്ത് കുനിമ്മൽ മുഹമ്മദ് സാലിയെയാണ് ശരീരമാസകലം വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചത്.
ഇന്നലെ രാവിലെ ആണ് സംഭവം. ഈസ്റ്റ് കിഴക്കോത്തിന് സമീപമുള്ള സ്വന്തം കെട്ടിടത്തിൽ വെച്ചാണ് മുഹമ്മദ് സാലിക്കുനേരെ ആക്രമണമുണ്ടായത്. ഇരുകൈകൾക്കും ഒരു കാലിനും നടുഭാഗത്തും ആഴത്തിലുള്ള ഏഴോളം വെട്ടുകളേറ്റിട്ടുണ്ട്. കൂടാതെ രണ്ട് കൈപ്പത്തികൾക്കും തുടയിലും ഗുരുതരമായ പരിക്കുകളുണ്ട്.
സാലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ മുറിയിൽ താമസിക്കുന്ന അതിഥി തൊഴിലാളിക്ക് നേരെ അക്രമിസംഘം വെടിയുതിർത്തു. ഇയാൾ ഒഴിഞ്ഞുമാറിയതിനാലാണ് വെടിയേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ സംഘം കാറിൽ കയറി കടന്നുകളയുകയായിരുന്നു.നിലത്ത് വീണ മുഹമ്മദ് സാലിയെ അതിഥി തൊഴിലാളികളാണ് ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. അതിന് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ വിദേശത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി പത്തുദിവസം ബന്ദിയാക്കിയ കേസിൽ മൂന്നാം പ്രതിയാണ് വെട്ടേറ്റ മുഹമ്മദ് സാലി. ഇതിൻ്റെ പ്രതികാരമായുള്ള വധശ്രമമാണെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താടാനുള്ള ശ്രമത്തിലാണ് പോലീസ്.