3 സ്ത്രീകളെ ഫ്‌ളാറ്റിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം : പ്രതികളെ തിരഞ് പോലീസ്

പശ്ചിമ ബംഗാള്‍: കൊൽക്കത്തയിലെ ഫ്ലാറ്റിൽ മൂന്ന് സ്‌ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്‍ക്കത്ത സ്വദേശികളായ റോമി ഡേ (44), സുദേഷ്‌ന ഡേ (39), പ്രിയംവദ ഡേ (14) എന്നിവരെയാണ് ഫെബ്രുവരി 19ന് ടാൻഗ്രയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരങ്ങളുടെ ഭാര്യമാരാണ് കൊല്ലപ്പെട്ട റോമി ഡേയും സുദേഷ്‌ന ഡേയും. മരിച്ച പ്രിയംവദയാകാട്ടെ റോമി ഡേയുടെ മകളുമാണ്. കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കൈത്തണ്ടയില്‍ മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി.
മറ്റ് രണ്ട് പേരുടെ കഴുത്തിലും മുറിവുകളുണ്ട്. ജീവനുള്ളപ്പോഴാണ് ഇവരുടെ കഴുത്ത് അറുത്തത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ നെഞ്ചിലും കാലുകളിലും ചുണ്ടുകളിലും തലയിലും മുറിവുകളുണ്ട്. ആന്തരിക രക്തസ്രാവം, പകുതി ദഹിച്ച ഭക്ഷണം, വയറ്റിൽ മഞ്ഞകലർന്ന ചില വസ്‌തുക്കൾ എന്നിവ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.മരിച്ചവരുടെ ഭര്‍ത്താകന്മാരായ പ്രസൂൺ ഡേ, പ്രണയ് ഡേ, പ്രണയുടെ മകൻ പ്രതിപ് ഡേ എന്നിവര്‍ സഞ്ചരിച്ച കാര്‍ കൊലപാതക ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനും കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവറെ വ്യാഴാഴ്‌ച പൊലീസ് ചോദ്യം ചെയ്‌തിരുന്നു.
ഡേ കുടുംബം തുകൽ ബിസിനസ് നടത്തിയിരുന്നു എന്നും കുറച്ചു കാലമായി ബിസിനസ് മോശമാണ് എന്നുമാണ് വിവരം. ഇതുമൂലം കുടുംബത്തിന് കടങ്ങൾ ഉണ്ടായിരുന്നതായും വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ പണം കടം വാങ്ങിയ മനോജ് എന്ന വ്യക്തി ചൊവ്വാഴ്‌ച രാത്രി ഫ്ലാറ്റില്‍ ഇവരെ കാണാൻ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2020 മുതൽ കുടുംബത്തെ അറിയാമെന്നും 2023 വരെ അവർ തുകൽ വ്യപാരം ചെയ്‌തുവെന്നും മനോജ് പൊലീസിനോട് പറഞ്ഞു. ഡേ കുടുംബം ഇപ്പോഴും തനിക്ക് വലിയൊരു തുക നൽകാനുണ്ടെന്നും 2024 ജൂലൈയിൽ കടത്തിന്‍റെ 70 ശതമാനം അടച്ചുതീർത്തെന്നും മനോജ് വെളിപ്പെടുത്തി. ബാക്കി തുകയ്ക്കായാണ് ഫ്ലാറ്റില്‍ പോയതെന്നും മനോജ് പറഞ്ഞു. സംഭവം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.