2050ന് മുന്നോടിയായി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം : രാഷ്‌ട്രപതി

0

ന്യൂഡല്‍ഹി: 2050ന് മുന്നോടിയായി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് നമ്മുടെ ദേശീയ ലക്ഷ്യം എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാഷ്‌ട്രപതി ഭവനിൽ നടന്ന ദ്വിദിന സന്ദർശക സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി എല്ലാ വിദ്യാര്‍ഥികളുടെയും സഹകരണം ആവശ്യമാണെന്നും ആഗോള മനോഭാവത്തോടെ ഇവര്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും മികച്ചൊരു രാഷ്‌ട്ര നിര്‍മാണത്തിനായി ഉപയോഗിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കിയാല്‍ വിദേശത്ത് പോയി വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനു പകരം രാജ്യത്ത് നിന്ന് തന്നെ വിദ്യാഭ്യാസം നേടാനാകും. അതുകൊണ്ട് ഇവരെ രാഷ്‌ട്ര നിര്‍മാണത്തിനായി ഉപയോഗിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.അക്കാദമിക് കോഴ്‌സുകളുമായി ബന്ധപ്പെട്ടും ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടും രാഷ്‌ട്രപതിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ ആശയങ്ങളും പങ്കുവച്ചു. വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ഗവേഷണങ്ങളിലൂടെ പുതിയ മാറ്റവും പരീക്ഷണങ്ങളും വഴി രാജ്യത്തിന് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ സൃഷ്‌ടിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും പ്രസിഡന്‍റ് പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് മുർമു ആത്മവിശ്വാസം പ്രകടിപ്പിച്ചു. “സ്വയംപര്യാപ്‌ത കൈവരിക്കുക എന്നത് യഥാർഥത്തിൽ വികസിതവും ശക്തവുമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ മുഖമുദ്രയാണ്. ഗവേഷണത്തെയും നവീകരണത്തെയും അടിസ്ഥാനമാക്കിയുള്ള സ്വാശ്രയത്വം നമ്മുടെ സംരംഭങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തും. അത്തരം ഗവേഷണത്തിനും നവീകരണത്തിനും സാധ്യമായ എല്ലാ പിന്തുണയും ലഭിക്കണം,” അവർ പറഞ്ഞു.

അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികള്‍ വ്യാവസായിക സ്ഥാപനങ്ങളിലെ മുതിർന്ന ആളുകളുമായി തുടർച്ചയായ ചർച്ചകൾ നടത്തണം. ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും ഇത് ഗുണം ചെയ്യുമെന്ന് മുര്‍മു കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലബോറട്ടറികളെ പ്രാദേശിക, ദേശീയ, ആഗോള ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്നും അവർ പറഞ്ഞു.

വികസിത സമ്പദ്‌വ്യവസ്ഥകളിൽ, വ്യവസായവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമുണ്ട്. ഈ രണ്ട് മേഖലകളും സഹകരണത്തോടെ പ്രവര്‍ത്തിച്ചാല്‍ വികസിത രാജ്യമെന്ന സ്വപ്‌നം നമുക്ക് നിറവേറ്റാൻ സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *