ഡോംബിവ്‌ലിയുടെ സാംസ്‌കാരിക ചരിത്രത്തിലിടം പിടിച്ച ആദ്യ’ഡോംബിവ്‌ലിക്കർ ‘മലയാളി
മുംബൈ :ഡോംബിവ്‌ലിയുടെ കലാകായിക സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലിടംപിടിച്ച ആദ്യ മലയാളിഎന്ന നേട്ടം കൂടി ഇനി അൾട്രാ മാരത്തോണിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തിരുവനന്തപുരം സ്വദേശിയായ വിശാഖ് കൃഷ്ണസ്വാമിക്ക് സ്വന്തം.
മുംബൈയുടെ സാംസ്‌കാരിക തലസ്ഥാനം എന്നുവിശേഷിപ്പിക്കുന്ന ഡോംബിവ്‌ലിയുടെ പൈതൃക സംസ്‌കാരികതയെ അടയാളപ്പെടുത്തുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌ത നവീകരിച്ച റെയിൽവേ കവാടത്തിന് ഇരുവശങ്ങളിലുമായിചേർന്നു നിൽക്കുന്ന ശിൽപ്പ ചാരുതയുള്ള മതിലിലാണ് വിശാഖിൻ്റെ
വലിയ ചിത്രവും പതിപ്പിച്ചട്ടുള്ളത് . ഡോംബിവ്‌ലിയുടെ കലാകായിക സാഹിത്യ സാംസ്‌കാരിക ഭൂമികയിൽ പ്രതിഭ തെളിയിച്ച മഹാന്മാർക്കിടയിലാണ് വിശാഖിൻ്റെ സ്ഥാനം. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ
നാൽപ്പത്തിയേഴോളം പ്രതിഭകളുടെ വലിയ ചിത്രങ്ങളാണ് റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറുഭാഗത്തുള്ള മതിലിൽ പതിപ്പിച്ചിട്ടുള്ളത് .ഇതിൽ ഭൂരിഭാഗവും പ്രായം കൂടിയവരും മഹാരാഷ്ട്രീയരുമാണ് .
സാഹിത്യ നഗരി ,നൃത്ത്യ നഗരി ,നാട്യ നഗരി എന്ന് ആലേഖനം ചെയ്‌ത മൂന്ന് പുതിയ പ്രവേശന കവാടത്തിലൂടെയാണ് യാത്രക്കാർ ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുക.
മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്രചവാൻ്റെ ആശയമാണ് ഈ നിർമ്മിതിക്ക് പിന്നിൽ എന്നാണ് അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ നവംബർ 3 നാണ് തുടർച്ചയായ അർദ്ധ ദൂര മാരത്തൺ (half marathon ) ഓട്ടത്തിൽ
2020ൽ ചൈനയുടെ ലിയു എൽഹായി 234 ദിവസം ഓടി നേടിയ റെക്കോർഡിനെ മറികടന്ന് വിശാഖ് പുതിയൊരു ലോക റെക്കാർഡ് സൃഷ്ട്ടിച്ചത് . ഡോംബിവ്‌ലിയിലെ കെഡിഎംസി മൈതാനത്ത് ,ദിവസേന 23.1 കിലോമീറ്റർ 235 ദിവസം ഓടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.