“പാമ്പ്ലാനി പിതാവിന് നിയോ മുള്ളറിന്റെ ഗതി” : വി.കെ. സനോജ്

കണ്ണൂർ : പാമ്പ്ലാനി പിതാവിനെ പോലുള്ളവരെ കാത്തിരിക്കുന്നത് ഹിറ്റ്ലറുടെ അനുയായിയായ നിയോ മുള്ളറിന്റെ ഗതിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അഭിപ്രായപ്പെട്ടു. നിയോ മുള്ളറെ പിന്നീട് ഹിറ്റ്ലർ തന്നെ തടവിലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചില പിതാക്കന്മാർ ആർഎസ്‌എസിന് വേണ്ടി ‘കുഴലൂത്ത്’ നടത്തുകയാണെന്നും ചിലർ കേക്ക് എടുത്ത് ആർഎസ്‌എസ് ശാഖകളിലേക്ക് പോകുന്നതായും, ചില ആർഎസ്എസ് നേതാക്കൾ അരമനയിലേക്ക് കേക്കുമായി വരുന്നതായും സനോജ് വിമർശിച്ചു. ആർഎസ്‌എസ് നേതാക്കൾ കേക്കുമായി അരമനയിലേക്ക് പോകുന്നതായും ഇരുകൂട്ടരും പരസ്പരം പരവതാനി വിരിക്കുന്ന നിലയാണെന്നും അദ്ദേഹം ആരോപിച്ചു.
“ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ” എന്ന മുദ്രാവാക്യമുയർത്തി ഓഗസ്റ്റ് 15-ന് കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സമരസംഗമത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടന്ന കൂത്തുപറമ്പ് മുനിസിപ്പൽ തല കാൽനട പ്രചാരണ ജാഥ തൃക്കണ്ണാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സനോജ്.