കാമുകന്റെ വീട് കയറി ആക്രമിച്ച് മുന്‍ ഭർത്താവ് യുവതിയെ തട്ടിക്കൊണ്ടു പോയി.
ആലപ്പുഴ രാമങ്കരിയില്‍ കാമുകന്റെ വീട് കയറി ആക്രമിച്ച് മുന്‍ ഭർത്താവ് യുവതിയെ തട്ടിക്കൊണ്ടു പോയതായി പരാതി. വെട്ടേറ്റ കാമുകന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വേഴപ്ര അഞ്ചുമനയ്ക്കല്‍ ആശാരിപറമ്പ് പാടശേഖരത്തിന് നടുവില്‍ പുത്തന്‍പറമ്പ് വീട്ടില്‍ താമസിക്കുന്ന ബൈജുവിനാണ് വെട്ടേറ്റത്. വേഴപ്ര സ്വദേശിനിയായ യുവതിയുടെ മുന്‍ ഭർത്താവ് സുബില്‍ (കുക്കു) ആണ് വെട്ടിയത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തി യുവതിയുമായി ഇയാള്‍ കടന്നുകളഞ്ഞതായാണ് വിവരം.
ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഏറെ നാളുകളായി കലവൂര്‍ എഎന്‍ കോളനിയില്‍ താമസിക്കുന്ന സുബിലിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. പലപ്പോഴും ഇയാള്‍ യുവതിയെ മര്‍ദിച്ചിരുന്നതായി പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് നെടുമുടിയിലെ ബന്ധുവിന്റെ വീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായി കാണിച്ച് യുവതി നെടുമുടി സ്റ്റേഷനില്‍ മുമ്പ് പരാതി നല്‍കിയിട്ടുണ്ട്.
പിന്നീട് രാമങ്കരി വേഴപ്രയിലെ വീട്ടിലേക്ക് യുവതി താമസം മാറ്റി. സമീപത്തുതന്നെയുള്ള അവിവാഹിതനായ ബൈജുവുമായി അടുപ്പത്തിലായ യുവതി കുറച്ചു ദിവസങ്ങളായി ഇയാള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വിവരമറിഞ്ഞ സുബില്‍ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി കമ്പിപ്പാരകൊണ്ട് കതക് കുത്തിപ്പൊളിച്ച് അകത്തു കയറി, വടിവാള്‍ കൊണ്ട് യുവതിയെ വെട്ടാന്‍ ശ്രമിച്ചു.
അക്രമണം തടയാൻ ശ്രമിച്ചപ്പോൾ ബൈജുവിന് വെട്ടേൽക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചുമനയ്ക്കല്‍ ആശാരിപ്പറമ്പ് പാടശേഖരത്തില്‍ വെള്ളം കയറ്റിയിട്ടിരിക്കുകയായിരുന്നു. വീട്ടില്‍നിന്ന് യുവതിയെ മുടികുത്തിന്പിടിച്ച് വെള്ളം കയറിക്കിടക്കുന്ന പാടശേഖരത്തിലൂടെ വലിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിനുശേഷം പോലീസും നാട്ടുകാരും ഇയാളെ പ്രദേശത്തെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാമങ്കരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.