കേരളീയസമാജം കൈത്താങ്ങായി, മുപ്പത് യുവതീയുവാക്കൾക്ക് പുതു ജീവിതം!
മുപ്പത് യുവതീ യുവാക്കളായി അവർ വന്നു … പതിനഞ്ച് ഇണകളായി അവർ തിരിച്ചുപോയി…!
മുരളീദാസ് പെരളശ്ശേരി
ഡോംബിവ്‌ലി: കേരളീയ സമാജം സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ നിർധനരായ മുപ്പത് യുവതീയുവാക്കൾക്ക് ലഭിച്ചത് ദാമ്പത്യ ജീവിതം.
സമൂഹ വിവാഹം സംഘടിപ്പിച്ചുകൊണ്ട് ,സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാഹാരാഷ്ട്രീയരായ കുടുംബങ്ങൾക്ക് കൈത്തങ്ങായി മാറുകയായിരുന്നു സമാജം .
വിവാഹ പ്രായമെത്തിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനുസാധിക്കാതെപോയവരെ ചേർത്തുപിടിക്കാനും അത്തരം സമൂഹങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാനും ഡോംബിവ്‌ലിയിലെ മലയാളികൂട്ടായ്മയ്ക്ക് സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമായും നന്മയുടെ സന്ദേശവുമായാണ് ഈ കർമ്മത്തെ പൊതു സമൂഹം വിലയിരുത്തുക.
സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം ഇടപെടലുകൾ നമ്മളെ വളർത്തിവലുതാക്കിയ കർമ്മഭൂമിയ്ക്ക് നമുക്ക് തിരിച്ചു നൽകാൻ കഴിയുന്ന ലളിതമായ പ്രത്യുപകാരമായും ഇതിനെക്കാണാം.കാരണം ഈ ഭൂമിയുടെ യഥാർത്ഥ അവകാശികളായ സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിനോട് നാട് കടന്നെത്തിയ നമുക്ക് സമർപ്പിക്കാൻ കഴിഞ്ഞ ഒരു കടപ്പാട് കൂടിയാണ് ഈ സത്കർമ്മം.
കേരളീയസമാജം ഡോംബിവ്‌ലിയുടെ ‘മോഡൽ കോളേജ് അങ്കണത്തിൽ മനോഹരമായി അലങ്കരിച്ച വിവാഹ പന്തലിൽ വെച്ചാണ് പതിനഞ്ചു യുവതികളുടെ സീമന്തരേഖയിൽ 15 യുവാക്കൾ സിന്ദൂരതിലക മണിഞ്ഞത്. പണ്ഡിത്തിൻ്റെ നിർദ്ദേശാനുസരണം ആചാരപ്രകാരം നടന്ന കർമ്മങ്ങളിലൂടെ യുവതികൾ സുമംഗലികളായപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ ബന്ധുക്കളും സമാജം അംഗങ്ങളും അഭ്യുദയകാംഷികളും സന്നിഹിതരായിരുന്നു.
ദമ്പതികളെ അനുഗ്രഹിക്കാനും ആശംസിക്കാനും പല പ്രമുഖരും എത്തിച്ചേർന്നു . എംഎൻഎസ് നേതാവ് രാജുപാട്ടീൽ ,ഹോളി ഏഞ്ചൽസ് സ്‌കൂൾ &കോളേജ് മാനേജിംഗ് ഡയറക്റ്റർ ഡോ.ഉമ്മൻ ഡേവിഡ് , ഡോൺബോസ്‌കോ സ്‌കൂളുകളുടെയും ട്രസ്റ്റിന്റെയും സ്ഥാപകൻ പോൾ പറപ്പിള്ളി,മുതിർന്ന സമാജം അംഗങ്ങളായ പികെ രാഘവൻ, ഇപി വാസു ,ബാലകൃഷ്ണക്കുറുപ്പ് തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ നായർ ,വൈസ് പ്രസിഡണ്ട് സോമ മധു, ചെയർമാൻ വർഗ്ഗീസ് ഡാനിയൽ , വൈസ് ചെയർമാൻ രാജീവ് കുമാർ ,ജനറൽ സെക്രട്ടറി രാജശേഖരൻ നായർ ,ഫൈനാൻസ് സെക്രട്ടറി ബിനോയ് തോമസ് ,കലാ സംസ്‌കാരിക വിഭാഗം സെക്രട്ടറി കെ.കെ സുരേഷ്ബാബു ,ട്രഷറർ മനോജ് നായർ ,
ഇന്റർനൽ ഓഡിറ്റർമാരായ മത്തായി സിടി ,ബിജു വലിയങ്ങാടൻ ,ഗവേർണിംങ് കൗൺസിൽ അംഗങ്ങളായ
കാന്താ നായർ, ശ്യാമ നായർ , അനീഷ് കോറോത്ത് ,ഷാജു എൻ ,വിജയൻ നായർ ,ഉണ്ണികൃഷ്ണൻ നായർ , ഉണ്ണി നായർ , പ്രദീപ് വാസു , രാഘുനാഥൻ വർഗ്ഗീസ് തോമസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു.
നാരായണൻ കുട്ടി.ആർ, ഷഫാലി ടീച്ചർ , ശ്രുതി മേനോൻ എന്നിവർ അവതാരകരായിരുന്നു.
സഹായ മനസ്ക്കരായ താൻ കൂടി ഉൾപ്പെടുന്ന വ്യക്തികളുടെയും മറ്റ് സംഘടനകളുടെയും സ്ഥാപനങ്ങളുടേയും സാമ്പത്തിക സഹകരണത്തിലൂടെയാണ് നിർധനരായ മുപ്പതുപേർക്ക് പുതു ജീവിതം സമ്മാനിച്ചതെന്ന് വിവാഹ പദ്ധതിക്ക് നേതൃത്തം നൽകിയ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ ‘ സഹ്യന്യുസി ‘ നോട് പറഞ്ഞു. .വിവാഹത്തിനാവശ്യമായ വീട്ടുപകരണങ്ങൾ ,സാമ്പത്തിക സഹായം എന്നിവ പലരും സ്പോൺസർ ചെയ്തതാണ്. അദ്ദേഹം പറഞ്ഞു.
ഒരു വർഷം നീണ്ടുനിൽക്കുന്ന സമാജത്തിൻ്റെ ‘പ്ലാറ്റിനം ജൂബിലി’ ആഘോഷങ്ങളുടെ ഭാഗമായാണ് ‘സമൂഹ വിവാഹം’ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ പറഞ്ഞു.സമാജം ഒരുക്കിയ വാഹനങ്ങളിലാണ് കിലോമീറ്ററുകൾ താണ്ടി അവർ വന്നതും വിവാഹം കഴിഞ് വിവാഹ സദ്യയുമുണ്ട് തിരിച്ചുപോയതും, അദ്ദേഹം പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയാണ് ,മുംബൈയിലെ താനെ ജില്ലയിൽപ്പെട്ട ഡോംബിവ്‌ലിയിലെ കേരളീയ സമാജം .സമാജത്തിൻ്റെ കീഴിൽ കെജി ക്ലാസ്സ് മുതൽ പിജി ക്ലാസ്സുവരെ പഠിപ്പിക്കുന്ന മോഡൽ സ്‌കൂൾ ,മോഡൽ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് . സമാജം അംഗങ്ങൾക്കായി ഒമ്പതോളം വായനശാലകൾ പ്രവർത്തിച്ചു വരുന്നു. വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുമ്പോൾ തന്നെ, സാമൂഹ്യ പ്രതിബദ്ധതയോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കേരളീയസമാജം ഡോംബിവ്‌ലി പതിറ്റാണ്ടുകളായി ചെയ്തു വരുന്നുണ്ട് . വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി കലാസാംസ്കാരിക രംഗത്തും സജീവമായ സമാജം നിരവധി പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.
സമാജം അംഗങ്ങളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള സാമ്പത്തിക സഹായം സമാജം നൽകുന്നുണ്ട് . തയ്യൽ പരിശീലനം ,മറാത്തി ഭാഷാ പഠനം ,ആയോധന കലകൾ ,സംഗീത സംബന്ധിയായ പരിശീലന ക്ളാസ്സുകൾ തുടങ്ങിയവും സമാജത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സർക്കാറിൻ്റെ പദ്ധതികൾ അംഗങ്ങൾക്ക് ഉപകാരപ്പെടുത്താനും ആവശ്യഘട്ടങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും സാമൂഹ്യക്ഷേമസമിതി ,ദ്രുതകർമ്മ സേന തുടങ്ങിയ സബ്‌കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.