സിപിഎം പാർട്ടി കോൺഗ്രസ്സിന് സമാപനം : ഇനി മലയാളിയായ എംഎ പാർട്ടിയെ ഇന്ത്യയിൽ നയിക്കും.

0

മധുര: എം എ ബേബിയെ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയില്‍ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്.

സീതാറാം യെച്ചൂരി അന്തരിച്ചതിനു ശേഷം ജനറൽ സെക്രട്ടറിയാരാകും എന്നതിൽ പൊളിറ്റ് ബ്യൂറോയിൽ ഉടലെടുത്ത ഭിന്നത പാർട്ടി കോൺഗ്രസിന്‍റെ സമാപനം വരെ തുടർന്ന ശേഷമാണ് എം എ ബേബിക്ക് നറുക്ക് വീണത്. അശോക് ദാവ്ലയെ മുൻനിറുത്തി ബംഗാൾ ഘടകവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും നടത്തിയ നീക്കം ചെറുക്കാനാണ് ബേബിയെ മുന്നിൽ നിറുത്തിയുള്ള ചർച്ചകൾ പി ബിയിലെ പ്രബല വിഭാഗം നേരത്തെ തുടങ്ങിയത്.

സി പി എം കേന്ദ്രനേതാക്കൾക്കിടയിലെ അനൈക്യത്തിന് ബേബി ജനറൽ സെക്രട്ടറിയാകുമ്പോഴും മാറ്റമുണ്ടാകുന്നില്ല.എസ് ആർ പിയോ സീതാറാം യെച്ചൂരിയോ എന്ന തർക്കത്തിനു ശേഷം 2015 ൽ വിശാഖപട്ടണത്ത് യെച്ചൂരി ജനറൽ സെക്രട്ടറിയായതിന് സമാനമായ ഭിന്നതായാണ് പുതിയ നേതൃത്വത്തിന്‍റെ കാര്യത്തിൽ ഇത്തവണയും ദ്യശ്യമായത്. സീതാറാം യെച്ചൂരി അന്തരിച്ച ശേഷം വൃന്ദ കാരാട്ടിന്‍റെ പേരാണ് കേരള ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിയത്. എന്നാൽ വ്യാപകമായ എതിർപ്പാണ് ഇക്കാര്യത്തിൽ പാർട്ടിയിൽ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറി തല്ക്കാലം വേണ്ടെന്നും പി ബി കോഡിനേറ്റർ ആയി പ്രകാശ് കാരാട്ട് പ്രവർത്തിക്കട്ടെ എന്നും നിർദ്ദേശിച്ചത്. അന്നു മുതൽ സീതാറാം യെച്ചൂരിയോട് ചേർന്നു നിന്നിരുന്ന, കർഷക സമരങ്ങളുടെ നായകനായ അശോക് ധാവ്ലെയുടെ പേര് തന്നെയാണ് ബംഗാൾ നേതാക്കളുടെ മനസ്സിലുണ്ടായിരുന്നത്. കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരവും ധാവ്ലെയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ പ്രായപരിധിയിൽ ഇളവു നല്കി വൃന്ദയെ ജനറൽ സെക്രട്ടറിയാക്കുക എന്നതായിരുന്നു അപ്പോഴും പി ബിയിലെ പ്രബല വിഭാഗത്തിന്‍റെ താല്പര്യം. ഇതിനോട് എതിർപ്പുയരുന്നു എന്ന് മനസിലാക്കിയാണ് എം എ ബേബിയിലേക്ക് പിന്നീട് ചർച്ചകൾ എത്തിയത്. പ്രായപരിധിയിൽ ആർക്കും ഇളവു വേണ്ട എന്ന നിർദ്ദേശം ഇന്നലെ പി ബിയിലും ബംഗാൾ നേതാക്കൾ ഉയർത്തി. കേരള ഘടകത്തിന്‍റെ പൂർണ്ണ പിന്തുണ തുടക്കത്തിൽ ബേബിക്ക് ഇല്ലായിരുന്നു. അശോക് ധാവ്ലെയുടെ പേര് ദേശീയ തലത്തിൽ ശക്തമായ പശ്ചാത്തലത്തിലാണ് കേരള ഘടകം ബേബിക്കൊപ്പം നിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ചേർന്ന യോഗത്തിൽ ബേബി ജനറൽ സെക്രട്ടറിയാകണം എന്ന പ്രകാശ് കാരാട്ടിന്‍റെ നിർദ്ദേശത്തോട് യോജിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *