രാജ്യത്തെ ആദ്യത്തെ ‘റോബട് ആത്മഹത്യ
സോൾ : ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിനായി വിവിധ ജോലികൾ ചെയ്യുന്ന റോബട് ഓഫിസ് കെട്ടിടത്തിന്റെ കോണിപ്പടിയിൽനിന്നു താഴെ വീണ് പ്രവർത്തനരഹിതമായതിന്റെ പേരിൽ ചർച്ചകൾ കൊഴുക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘റോബട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. റോബട് സൂപ്പർ വൈസർ എന്നു വിളിക്കപ്പടുന്ന റോബട്ടിന് അമിത ജോലിഭാരം മൂലമുണ്ടായ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെതാണെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാർത്തയായത്.
കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾക്കിടയിലുള്ള കോണിപ്പടിയിൽ തകർന്നു കിടക്കുന്ന നിലയിലാണ് റോബട്ടിനെ കണ്ടെത്തിയത്. കോണിപ്പടിയിൽനിന്നു വീഴുന്നതിനു മുൻപ്, നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ അത് വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശിത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോബട്ടിന്റെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും തകർച്ചയെപ്പറ്റി നിർമാണ കമ്പനി വിശകലനം ചെയ്യുമെന്നും സിറ്റി കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, റോബട്ടിന്റെ വീഴ്ചയുടെ പശ്ചാത്തലത്തിൽ പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ജോലിഭാരത്തെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ട്. ഓദ്യോഗിക രേഖകളുടെ വിതരണം, പ്രദേശവാസികൾക്ക് വിവരങ്ങൾ നൽകൽ എന്നിവയായിരുന്നു റോബട്ടിന്റെ ജോലി.
കഴിഞ്ഞ വർഷമാണ് റോബട്ടിനെ ഇതിനായി നിയോഗിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രവർത്തന സമയം. ഉദ്യോഗസ്ഥരുടെ കാർഡും റോബട്ടിനുണ്ടായിരുന്നു. എലവേറ്ററിലൂടെ വിവിധ നിലകളിലേക്ക് സഞ്ചരിക്കാനും കഴിയുമായിരുന്നു. വിവിധ ജോലികൾക്കായി റോബട്ടുകളെ ഉപയോഗിക്കുന്നതിൽ മുന്നിലാണ് ദക്ഷിണ കൊറിയ.