നാട്ടിക ദുരന്തം / 5 മരണം,രണ്ടുപേരുടെ നില അതീവ ഗുരുതരം

0
 

തൃശൂര്‍: നാട്ടികയില്‍ നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന 5 പേർക്ക് ദാരുണാന്ത്യം. ഉറങ്ങിക്കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍, നാഗമ്മ, ബംഗാഴി , ജീവന്‍, മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്.അപകടത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിലായത്. മരിച്ച നാടോടികളുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 10 പേരായിരുന്നു കിടന്നുറങ്ങിയ സംഘത്തിൽ ഉണ്ടായിരുന്നത്.
അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട് .കണ്ണൂരിൽ നിന്ന് യാത്രതിരിക്കുമ്പോൾ തന്നെ രണ്ടുപേരും മദ്യപിച്ചിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനു ശേഷം മാഹിയിൽ നിന്ന് മദ്യം വാങ്ങി അവിടം മുതൽ ഇരുവരും വീണ്ടും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലക്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ലോറിയോടിച്ച ക്ലീനർക്ക് ലൈസൻസില്ല. പൊന്നാനിയിൽ വെച്ചാണ് ജോസ് അലക്സിന് വണ്ടി കൈമാറിയത് . ഡിവൈഡറും ബാരിക്കേഡും കടന്ന് 50 മീറ്റര്‍ മുന്നോട്ട് വന്നശേഷമാണ് ഉറങ്ങികിടക്കുന്നവര്‍ക്കു മുകളിലൂടെ വണ്ടി പാഞ്ഞുകയറിയത്.അതിനുശേഷം വണ്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റോഡ് ബ്ലോക്കായതിനാൽ മുന്നോട്ടു കടക്കാൻ ഇവർക്ക് കഴിഞ്ഞില്ല . അപ്പോഴേക്കും നാട്ടുകാർ ചേർന്ന് രണ്ടുപേരെയും പിടികൂടി.
ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യൻ, മുൻ മന്ത്രി വിഎസ് സുനിൽ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. നിർഭാഗ്യകരമായ സംഭവമാണെന്നും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലുള്ള 6 പേരിൽ 2 പേർക്ക് ഗുരുതരമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കമ്മിഷണറും കളക്ടറും റിപ്പോർട്ട്‌ സർക്കാരിന് നൽകി. വണ്ടി ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു സർക്കാർ തന്നെ മൃതദേഹം ഗോവിന്ദപുരത്തുള്ള വീടുകളിലെത്തിക്കുമെന്നും അതിനുള്ള നിർദ്ദേശം കളക്ടർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്കാരത്തിന് ഉൾപ്പെടെ സഹായങ്ങൾ നൽകും. മരണപ്പെട്ടവർക്ക് ധനസഹായം ഉണ്ടാകും. കൂടുതൽ സഹായങ്ങളും പരിഗണിക്കുമെന്നും കെ രാജൻ പറഞ്ഞു.

ഇതിനിടെ, അപകടത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാനും അടിയന്തര നടപടി സ്വീകരിക്കുവാനും ഗതാഗത കമ്മീഷണര്‍ നാഗരാജുവിന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. ലൈസൻസും വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

 
Spread the love

Leave a Reply

Your email address will not be published. Required fields are marked *