“പി കെ ശ്രീമതി പാർട്ടി കമ്മിറ്റിയിൽ പങ്കെടുക്കുന്ന കാര്യം മുഖ്യമന്ത്രി അല്ല തീരുമാനിക്കുന്നത്”: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പി കെ ശ്രീമതിയുടെ പ്രവർത്തനമേഖല കേരളമല്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന നേതൃത്വം. ശ്രീമതിയുടെ പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ എടുത്തത് അവിടെ പ്രവർത്തിക്കാനാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പിണറായി വിജയൻ ശ്രീമതിയെ വിലക്കിയെന്ന വാർത്തയോട് പ്രതികരിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. എന്നാൽ വിലക്ക് വാർത്ത പികെ ശ്രീമതി നിഷേധിച്ചു.
ഈ മാസം 19ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുക്കാനെത്തിയ പി.കെ ശ്രീമതിയെ, സംസ്ഥാനത്ത് ഇളവ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ വിലക്കിയെന്നാണ് പാർട്ടിയിൽ നിന്ന് പുറത്തുവന്ന വാർത്ത. ഈ വിവരം അതേപടി സ്ഥിരീകരിക്കാൻ സന്നദ്ധം ആയില്ലെങ്കിലും കേരളത്തിലെ പാർട്ടി സംഘടനയിൽ പി.കെ ശ്രീമതിക്ക് പങ്ക് വഹിക്കാനില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രായപരിധിയിൽ ഇളവ് നൽകി പി.കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ നില നിർത്തിയത് അവിടെ പ്രവർത്തിക്കാനൻ ആണെന്നും ഇതിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുപ്പിക്കാതെ മാറ്റിനിർത്തിയതിൻെറ കാരണവും എം.വി ഗോവിന്ദൻെറ പ്രതികരണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.