കേരളത്തിന് നൽകിയ ദുരന്തസഹായത്തിന് വീണ്ടും കണക്കുപറഞ് കേന്ദ്രസരക്കാർ : 132 കോടി 62 ലക്ഷം രൂപ ഉടൻ തിരിച്ചു നൽകണം

0

 

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രം 2019ലെ പ്രളയം മുതൽ മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്നാണ് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ മുറിവിനുമേൽ ഉപ്പു തേക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്..‌ ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ഉടൻ ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു.
ഈ വകയിൽ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ നൽകണമെന്നനാണ് കേ​ന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുൾ പൊട്ടലിലും വ്യോമസേന എയർലിഫ്റ്റിങ് സേവനം നൽകിയിരുന്നു. എസ്.ഡി.ആർ.എഫിന്റെ നീക്കിയിരിപ്പിൽ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.
സഹായം ആവശ്യപ്പെട്ട് സർക്കാരും കേരളത്തിലെ എംപിമാരും നിവേദനം നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച കേന്ദ്രത്തിന്റെ ഒക്ടോബർ മാസം നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രളയകാലത്ത് അരിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവദിച്ച തുക തിരിച്ചുനൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.

മുണ്ടക്കൈ ദുരന്തം നടന്ന് നാലര മാസമായിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഒരു രൂപ പോലും സഹായം നൽകിയിട്ടില്ല. അതേസമയം, പുനർനിർമ്മാണത്തിന് ഏകദേശം 2300 കോടി രൂപ ആവശ്യമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ, കേന്ദ്രത്തിന്റെ ഈ നിലപാട് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലാക്കും.
സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ദുരന്ത സമയത്ത് സംസ്ഥാനം നേരിട്ട പ്രതിസന്ധി മറന്ന് കേന്ദ്രം പണം തിരിച്ചു ചോദിക്കുന്നത് അനീതിയാണെന്നാണ് ഇവരുടെ വാദം. ലോക്‌സഭയിലടക്കം ഈ വിഷയം ഉയർത്തി പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *