ഇതാണ് ആർജിവിയുടെ ‘ഐസ്ക്രീം’ ബജറ്റ് രണ്ട് ലക്ഷം, വാരിയത് മുടക്കു മുതലിന്റെ 250 ഇരട്ടി;

0

സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബു പറഞ്ഞ ഒരു കാര്യം ഏറെ പ്രസക്തമാണ്. ‘‘ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ  മുന്നോട്ട് പോവുക തന്നെ ചെയ്യും. പ്രേക്ഷകരെ സംബന്ധിച്ച് മികച്ച കോണ്ടന്റും രസകരമായ അവതരണവും മാത്രമാണ് പ്രധാനം.’’അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റിട്ടയര്‍ ചെയ്ത അഭിനേതാക്കളെ മുഖ്യവേഷത്തില്‍ ഉള്‍പ്പെടുത്തി ആഷിഖ് സംവിധാനം ചെയ്ത ‘ഇടുക്കി ഗോള്‍ഡ്’. ഇപ്പോള്‍ കലുഷിതമായ ഈ സാഹചര്യത്തിലും അപ്രശസ്തര്‍ അണിനിരന്ന ‘വാഴ’ എന്ന സിനിമ സൂപ്പര്‍ഹിറ്റായി തിയറ്റര്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്നു.

നായികമാർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍ക്ക് ആളില്ലാതിരിക്കുമ്പോഴാണ് ഈ പ്രതിഭാസം. അതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. നല്ല സിനിമകള്‍ സംഭവിക്കുക എന്നത് മാത്രമാണ് ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് പ്രധാനം. താരങ്ങള്‍ വരും. പോകും. അപ്പാഴും സിനിമ നിലനില്‍ക്കുക തന്നെ ചെയ്യും. നല്ല സിനിമകള്‍ കുറഞ്ഞ ബജറ്റില്‍ നിർമിക്കുകയും വലിയ വിജയം നേടുകയും ചെയ്താലോ? അത് വ്യവസായത്തിന് കൂടുതല്‍ ഗുണം ചെയ്യും. തിങ്കളാഴ്ച നിശ്ചയവും ഓപ്പറേഷന്‍ ജാവയും രോമാഞ്ചവും പോലുളള സിനിമകളാണ് സമീപകാല ഉദാഹരണം. ഈ ട്രെന്‍ഡ് കുറേക്കൂടി വ്യാപകമായി ആഘോഷിക്കപ്പെട്ടാല്‍ ഇന്ന് നിർമാതാക്കള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരമാകും.

പലപ്പോഴും ഒരു സിനിമയുടെ ആകെ ചെലവിനേക്കാള്‍ മുകളിലാണ് വലിയ താരങ്ങളുടെ പ്രതിഫലം. എന്നിട്ടും ഉളളടക്കത്തിന്റെ ന്യൂനത കൊണ്ട് താരനിബിഢ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുന്നു. പലപ്പോഴും താരത്തിന്റെ അനാവശ്യമായ ഇടപെടലുകളാണ് പല പടങ്ങളുടെയും പരാജയ കാരണം. കഥ നിശ്ചയിക്കുന്നത് മുതല്‍ തിരക്കഥയിലും സംവിധാനത്തിലും കാസ്റ്റിങില്‍ വരെ ഇടപെടുന്ന താരങ്ങളുണ്ട്. ഇവിടെയെല്ലാം വലിയ വില കൊടുക്കേണ്ടി വരുന്നത് കോടികള്‍ മുതല്‍മുടക്കുന്ന പാവം നിര്‍മാതാക്കളാണ്. പടം ഓടിയാലും പൊളിഞ്ഞാലും നിശ്ചയിച്ചുറപ്പിച്ച പ്രതിഫലം വാങ്ങി നടന്‍ സ്ഥലം കാലിയാക്കും.

എന്നാല്‍ ഇത്തരം ദുരവസ്ഥകളെ ഒരു പരിധി വരെ മറികടക്കാനുളള പോംവഴികള്‍ കാണിച്ചു തന്ന മാസ്‌റ്റേഴ്‌സ് നമുക്കുണ്ട്. അവരില്‍ പ്രമുഖനാണ് രാം ഗോപാല്‍ വര്‍മ.

തെലുങ്കില്‍ കേവലം 2 ലക്ഷം രൂപയ്ക്ക് അദ്ദേഹം ഒരു സിനിമ നിർമിച്ച് സംവിധാനം ചെയ്ത് തിയറ്ററില്‍ റിലീസ് ചെയ്ത് ഹിറ്റാക്കി എന്ന് പറയുമ്പോള്‍ പുതുതലമുറ ഞെട്ടും. കാരണം കൊച്ചുകേരളത്തില്‍ പോലും ലോബജറ്റ് സിനിമകളുടെ നിർമാണച്ചിലവ് 4 കോടിക്ക് മുകളിലാണ്. തെലുങ്ക് സിനിമകളൂടെ ബജറ്റാവട്ടെ ശതകോടികളും. മനസുണ്ടെങ്കില്‍ വഴിയുമുണ്ട് എന്നതാണ് സത്യം.

 

സന്തോഷ് പണ്ഡിറ്റ് 5 ലക്ഷം രൂപയ്ക്ക് സിനിമ ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് തമാശയാണ്. സിനിമാ പ്രവര്‍ത്തകര്‍ക്ക് പുച്ഛവും. രണ്ട് കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്ന് സാങ്കേതികത്തികവോ സൗന്ദര്യശാസ്ത്രപരമായ മികവോ ഇല്ലാത്തവയാണ് അദ്ദേഹത്തിന്റെ സിനിമകളെന്നും കൊച്ചുകുട്ടികള്‍ പോലും പ്രഫഷനല്‍ ടച്ചുളള ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം അമച്വറിഷ് സിനിമകള്‍ എടുക്കുന്നു എന്ന ഏക കാരണത്താലാണ് പണ്ഡിറ്റ് നിരാകരിക്കപ്പെടുന്നതും ആരും ഗൗരവത്തിലെടുക്കാത്തതും. എന്നാല്‍ ഡിജിറ്റല്‍ കാലത്ത് ഇതും ഇതിലപ്പുറവും നല്ല രീതിയില്‍ സാധ്യമാകും എന്നതാണ് വാസ്തവം. അതിന് ഭാവനയും സൗന്ദര്യബോധവും സാങ്കേതിക ജ്ഞാനവും മികച്ച ആസൂത്രണ വൈഭവവും എല്ലാം ഒത്തിണങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടാവണമെന്ന് മാത്രം. എന്നാല്‍ ഡിജിറ്റല്‍ ക്യാമറകള്‍ സാര്‍വത്രികമാകുന്നതിന് എത്രയോ കാലം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2014 ല്‍ സാഹസികമെന്ന് മറ്റുളളവര്‍ക്ക് തോന്നുന്നതും ചെയ്തയാള്‍ക്ക് അനായാസവുമായ ഒരു പരീക്ഷണം രാം ഗോപാല്‍വര്‍മ നടത്തുകയുണ്ടായി.

കോടികള്‍ ഉപേക്ഷിച്ച് ഒരു പരീക്ഷണം

സാധാരണഗതിയില്‍ ലീസ്റ്റ് ബജറ്റ് സിനിമകള്‍ ചെയ്യുന്നത് മുടക്കാന്‍ പണവും നിര്‍മാതാവുമില്ലാത്ത നവാഗതരാണ്. വര്‍മയെ സംബന്ധിച്ച് നിര്‍മാതാക്കള്‍ ക്യൂനില്‍ക്കുന്ന കാലത്താണ് ഈ പരീക്ഷണം. ഒരു നിര്‍മാതാവുമില്ലെങ്കിലും കോടികള്‍ മുതലിറക്കാന്‍ ശേഷിയുളള വര്‍മയ്ക്ക് സ്വന്തം നിര്‍മാണക്കമ്പനി പോലുമുണ്ട്. എന്നിട്ടും എന്തിനായിരുന്നു ഈ സിനിമ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കുന്നു.

‘‘സിനിമ എന്നത് ബജറ്റല്ല. മനസും ഭാവനയുമുളളവര്‍ക്ക് ഒരു രൂപ കയ്യിലില്ലാതെയും സിനിമകള്‍ നിര്‍മിക്കാം. ഇക്കാലത്ത് അത് വളരെ എളുപ്പവുമാണ്. കയ്യില്‍ ഒരു ഐ ഫോണോ ആന്‍ഡ്രോയിഡ് ഫോണോ ഡിജിറ്റല്‍ ക്യാമറയോ ഉണ്ടായാല്‍ മതി. ഇതൊന്നുമില്ലാത്ത കാലത്തും ഞാനിത് ചെയ്തത് പുതുതലമുറയ്ക്കു വേണ്ടിയാണ്. അല്ലെങ്കില്‍ ഈ രംഗത്ത് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ്. നല്ല കോണ്ടന്റ് കണ്ടെത്തി വളരെ കുറഞ്ഞ ബജറ്റില്‍ സിനിമയാക്കാന്‍ കഴിയും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്ല ഉളളടക്കമാണ്. അത് ഏത് ക്യാമറയില്‍ ഷൂട്ട് ചെയ്തു എന്നതും എത്ര പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അഭിനയിച്ചു എന്നതും അവര്‍ക്ക് പ്രശ്‌നമല്ല. ആരും പറയാത്ത വിഷയങ്ങള്‍ അഥവാ പഴയ വിഷയങ്ങള്‍ പോലും പുതിയ രീതിയില്‍ അവതരിപ്പിച്ചാല്‍ അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. 25,000 രൂപ ആകെ വിലവരുന്ന ഒരു ക്യാമറയിലാണ് ഞാന്‍ ഐസ്‌ക്രീം എന്ന തെലുങ്ക് സിനിമ ഷൂട്ട് ചെയ്തത്.’’

 

സംഗതി സത്യമാണ്. ഇന്ന് പ്രതിദിനം 35,000 രൂപ മുതല്‍ 80,000 വരെ വാടക വരുന്ന ക്യാമറയിലാണ് ചില മലയാള പടങ്ങള്‍ ചിത്രീകരിക്കുന്നത്. ചിലപ്പോള്‍ രണ്ടും മൂന്നും ക്യാമറകള്‍ ഒരേ സമയം ഉപയോഗിച്ചെന്നും വരാം. എന്നിട്ടും ഈ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുന്നു. നാട്ടുകാര്‍ ഒന്നടങ്കം ചീത്ത വിളിക്കുന്നു. ആകെ തകര്‍ന്ന നിര്‍മാതാവിനെ സാന്ത്വനിപ്പിക്കാന്‍  റിവ്യൂവേഴ്‌സ് നെഗറ്റീവ് പറഞ്ഞതുകൊണ്ടാണ് പടം പൊട്ടിയതെന്ന കപടന്യായം പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ തടിതപ്പുന്നു. തങ്ങളുടെ പാപ്പരത്തം കൊണ്ടാണിത് സംഭവിക്കുന്നതെന്ന് സമ്മതിക്കാതെ രക്ഷപ്പെടുന്നു.

മൂന്നിരട്ടി ലാഭം കൊയ്ത കോന്‍

വര്‍മയെ സംബന്ധിച്ച് സിനിമ അദ്ദേഹത്തിന് കരതലമലകം പോലെ അനായാസം വഴങ്ങുന്ന ഒരു കലയാണ്. ആമിര്‍ ഖാനും ജാക്കി ഷ്റോഫും സെയ്ഫ് അലിഖാനും അമിതാഭ് ബച്ചനും അടക്കം വമ്പന്‍ താരങ്ങളെ അണിനിരത്തി ബോളിവുഡില്‍ മെഗാഹിറ്റുകള്‍ സൃഷ്ടിച്ച വര്‍മയുടെ മാതൃഭാഷയായ തെലുങ്കിലെ ആദ്യസിനിമ ‘ശിവ’ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു.  ഇത്രയൊക്കെ ഗംഭീരമായ കരിയര്‍ ഗ്രാഫിനുടമയായ അദ്ദേഹം 1999ല്‍ രണ്ടേകാല്‍ക്കോടിയില്‍ ഒരു സിനിമയെടുത്തു. ഊര്‍മ്മിള മണ്ഡോദ്കറും മനോജ് വാജ്‌പേയിയും അഭിനയിച്ച കോന്‍. ഒരു വീട്ടിനുളളില്‍ മൂന്ന് കഥാപാത്രങ്ങളെ അണിനിരത്തി ചെയ്ത പടം ബമ്പര്‍ഹിറ്റ്. സാറ്റലൈറ്റും ഒടിടിയും ഇല്ലാത്ത കാലത്ത് ഈ സിനിമ തിയറ്ററില്‍ നിന്ന് മാത്രം മുടക്കുമുതലിന്റെ മൂന്നിരട്ടി നേടി. ഏതാണ്ട് 6 കോടിയിലധികം രൂപ.

കാല്‍നൂറ്റാണ്ട് മുന്‍പാണ് സംഭവം. 15 ദിവസത്തിനുളളില്‍ ഈ സിനിമയുടെ ഷൂട്ടിങ് തീര്‍ത്തു എന്നതാണ് മറ്റൊരു അത്ഭുതം. സിനിമ കണ്ട ആര്‍ക്കും സമയക്കുറവിന്റെയോ ബജറ്റിന്റെയോ പരിമിതികള്‍ അനുഭവപ്പെടാത്ത വിധം ടെക്‌നിക്കല്‍ പെര്‍ഫക്ഷനോടെയും ഏസ്തറ്റിക്ക് ബ്യൂട്ടി നിലനിര്‍ത്തിയുമാണ് പടം ചെയ്തിരിക്കുന്നത്.  ബോളിവുഡ് സിനിമകള്‍ അക്കാലത്ത് 100 ദിവസം മുതല്‍ പല ഷെഡ്യൂളുകളിലായി രണ്ട് വര്‍ഷം കൊണ്ടാക്കെയാണ് പൂര്‍ത്തിയായിരുന്നത്. അനുരാഗ് കാശ്യപിന്റെ തിരക്കഥയില്‍ ഒരുങ്ങിയ കോന്‍ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ വിജയം അതിന്റെ യുണീക്ക് കോണ്‍സപ്റ്റായിരുന്നു. യെവരു? എന്ന പേരില്‍ തമിഴിലേക്കും ഡബ്ബ് ചെയ്ത ചിത്രം ഷോക്ക് എന്ന പേരില്‍ കന്നടയില്‍ റീമേക്ക് ചെയ്തു. അതിന്റെ സംവിധായകന്‍ മറ്റൊരാളായിരുന്നു. ചിത്രം ബോക്‌സാഫിസില്‍ ദയനീയ പരാജയമായി. വര്‍മയുടെ പ്രതിഭയുടെ ആഴം അറിയാന്‍ ഒറിജിനലും റീമേക്കും കണ്ടാല്‍ മതി.  എന്നാല്‍ ലോബജറ്റ് ആര്‍ജിവി  മാജിക്ക് ഒരു വണ്‍ടൈം വണ്ടറാണെന്ന് ചിലരെങ്കിലും എഴുതി തളളി. ആ രീതി ആവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും ധൈര്യം വന്നതുമില്ല. അതിനുളള ശേഷിയും അവര്‍ക്കുണ്ടായിരുന്നില്ല . എന്നാല്‍ ഒന്നിലൊതുങ്ങുന്നയാളല്ല വര്‍മ. ഒരു കാര്യത്തിലും…

മുതല്‍മുടക്ക് 2 ലക്ഷം, കലക്‌ഷന്‍ 6 കോടി

കോന്‍ നിര്‍മിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ അദ്ദേഹം മറ്റൊരു അതിസാഹസിക സംരംഭവുമായി വന്നു. അതായിരുന്നു ഐസ്‌ക്രീം. എന്തുകൊണ്ട് ഇങ്ങനെയൊരു ടൈറ്റില്‍ എന്ന് തോന്നാം. ലോകത്ത് ഏത് മനുഷ്യനും പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന പേരാണല്ലോ ഐസ്‌ക്രീം. അതിലുപരി കഥയുമായും അതിന് ബന്ധമുണ്ട് എന്നത് രണ്ടാമത്തെ കാര്യം. എന്നാല്‍ ഈ സിനിമയുടെ പ്രസക്തി ഇതൊന്നുമല്ല. കേവലം രണ്ടേ രണ്ട് മുഖ്യകഥാപാത്രങ്ങളിലൂന്നിയാണ് കഥനം. നവദീപ്, തേജസ്വി എന്നിങ്ങനെ അത്രയൊന്നും പ്രശസ്തരല്ലാത്ത രണ്ട് താരങ്ങളായിരുന്നു മുഖ്യവേഷത്തില്‍.

ഈ സിനിമയ്ക്കായി വര്‍മ്മ സ്വീകരിച്ച നിലപാടുകളും സമീപനങ്ങളും ചലച്ചിത്ര വ്യവസായത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്. കോസ്റ്റ് പരമാവധി കുറച്ച് എങ്ങനെ നല്ല സിനിമ (ജനങ്ങളെ ബോറടിപ്പിക്കുന്ന തരം കത്തിപടമല്ല മറിച്ച് എല്ലാത്തരം ആളുകളും ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന സിനിമ) എടുക്കാം എന്നാണ് വര്‍മ ആദ്യം ആലോചിച്ചത്. അതിന് ഏറ്റവും നല്ല മാര്‍ഗം ഹൊറര്‍ എലമെന്റുളള ഒരു സസ്പപെന്‍സ് ത്രില്ലറായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. പ്രേതങ്ങളില്‍ അടിസ്ഥാനപരമായി വിശ്വാസമില്ലാത്ത വര്‍മ അതിലെ യുക്തിഭംഗം ഒഴിവാക്കാന്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി വിഭാവനം ചെയ്തു.

ice-cream-2

അഭിനേതാക്കള്‍ക്ക് വലിയ തുക കൊടുത്താല്‍ ബജറ്റ് രണ്ട് ലക്ഷത്തില്‍ നില്‍ക്കില്ലെന്ന് കോടികള്‍ മുടക്കി പടമെടുത്ത് പരിചയമുളള വര്‍മ്മയ്ക്ക് അറിയാം. അദ്ദേഹം ആദ്യം തന്നെ അവരോട് ഈ പരീക്ഷണ ചിത്രത്തിന്റെ സ്വഭാവവും ബജറ്റും വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നയാപൈസ പ്രതിഫലം നല്‍കില്ല. പകരം അവരെക്കൂടി പ്രൊഡക്ഷന്‍ പാര്‍ട്‌ണേഴ്‌സാക്കി. പടം ബിസിനസായ ശേഷം പ്രതിഫലവും ആനുപാതികമായ ലാഭവിഹിതവും തരും. അഭിനേതാക്കള്‍ സന്തോഷപൂര്‍വം സമ്മതിച്ചു. വര്‍മ്മ എന്ന ബോളിവുഡിലെ വലിയ ബ്രാന്‍ഡിന്റെ സിനിമയില്‍ അവസരം ലഭിച്ചതും ഒപ്പം ചരിത്രത്തില്‍ സ്ഥാനം പിടിച്ചേക്കാവുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും അവരെ അത്രമേല്‍ എക്‌സൈറ്റഡാക്കിയിരുന്നു.

അടുത്തത് ഷൂട്ടിങാണ്. സാധാരണ സിനിമാ സെറ്റുകളിലേത് പോലെ വലിയ ക്രൂവോ സന്നാഹങ്ങളോ പൂര്‍ണ്ണമായി ഒഴിവാക്കി. സംവിധായകനും ക്യാമാറാമാനും വളരെ കുറച്ച് സഹായികളും മാത്രം. വലിയ ക്യാമറയും ലൈറ്റ് യൂണിറ്റും ഉപേക്ഷിച്ച് ഫ്‌ളോക്യാം സിസ്റ്റം ടെക്‌നോളജി ഉപയോഗിച്ചു. ഈ സാങ്കേതികത അനുസരിച്ച് എല്ലാത്തരം ചലനങ്ങളും ക്യാമറയില്‍ സാധിക്കും.

ട്രാക്ക് ആന്‍ഡ് ട്രോളി പോലുളള മറ്റ് സന്നാഹങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.പില്‍ക്കാലത്ത് സ്‌റ്റെഡി ക്യാം, ജിംബല്‍ എന്നിവ സാര്‍വത്രികമായതോടെ ഈ സാങ്കേതികത വ്യാപകമായി. ഇന്ന് നാം കാണുന്ന ജിംബല്‍ ഇഫക്ട് ഫ്‌ളോക്യാം സിസ്റ്റത്തിലൂടെ 2014 ല്‍ സൃഷ്ടിച്ചയാളാണ് കാലത്തിന് മുന്‍പേ സഞ്ചരിച്ച വര്‍മ.ഇനിയാണ് ഷൂട്ട്. വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമയുടെ ചിത്രീകരണത്തിലും ചിലവ് കുറയ്ക്കാന്‍ പല മാര്‍ഗങ്ങള്‍ അവലംബിച്ചു. ആര്‍ട്ടിസ്റ്റുകളും മറ്റും വാടകയ്ക്ക് എടുത്ത വീട്ടില്‍ താമസിച്ചു. ഷൂട്ടിങും അവിടെ തന്നെയായിരുന്നു. അഭിനേതാക്കള്‍ അവരുടെ സ്വന്തം വസ്ത്രങ്ങള്‍ തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ആ ചെലവ് ഒഴിവായി.

മേക്കപ്പ്മാനെ ഒഴിവാക്കി അഭിനേതാക്കള്‍ സെല്‍ഫ് മേക്കപ്പ് ചെയ്തു. അങ്ങനെ ആ പണവും ലാഭിച്ചു. ഭക്ഷണച്ചിലവ് കുറയ്ക്കാന്‍ ആളുകള്‍ വീട്ടില്‍ നിന്ന് പൊതികൊണ്ടു വരാന്‍ തുടങ്ങി. ചായയും കാപ്പിയും ബിസ്‌കറ്റും മാത്രം പ്രൊഡക്ഷന്‍ ചെലവില്‍ വിളമ്പി. താരങ്ങളുടെയും സിനിമയില്‍ സഹകരിക്കുന്ന മറ്റുളളവരുടെയും സ്വകാര്യ വാഹനങ്ങള്‍ തന്നെ ഷൂട്ടിങ് ആവശ്യത്തിനും ഉപയോഗിച്ചു. അങ്ങനെ ട്രാന്‍സ്‌പോര്‍ട്ടിംഗ് എക്‌സ്‌പെന്‍സും തഥൈവ.

വര്‍മയ്ക്ക് പോലും പ്രതിഫലം പടത്തിന്റെ കലക്‌ഷന്‍ വന്ന ശേഷം മാത്രം. ആകെക്കൂടി വന്ന വലിയ ചെലവ് സിനിമ ഷൂട്ട് ചെയ്ത വീടിന്റെ വാടകയാണ്. അതുകൂടി ആരെക്കൊണ്ടെങ്കിലും സ്‌പോണ്‍സര്‍ ചെയ്ത് ആ ചിലവും ലാഭിക്കാമെന്ന് വര്‍മ കണക്കുകൂട്ടിയിരുന്നെങ്കിലും ഷൂട്ടിങ് വേഗം തുടങ്ങേണ്ടി വന്നതു കൊണ്ട് അതിനുളള സമയം കിട്ടിയില്ല.

അങ്ങനെ കേവലം 2,11,832 രൂപയ്ക്ക് പടം ഫസ്റ്റ്പ്രിന്റായി. എന്തായാലും 2 ലക്ഷത്തില്‍ തീര്‍ത്ത പടം 5 കോടിയിലധികം കലക്ട് ചെയ്തു. ശരിക്ക് പറഞ്ഞാല്‍ 250 ഇരട്ടി ലാഭം.

ചോക്കോബാര്‍ എന്ന പേരില്‍ പടം തമിഴില്‍ ഡബ്ബ് ചെയ്തപ്പോള്‍ അവിടെ നിന്നും പണം വാരി. അതിന്റെ കണക്കുകള്‍ ലഭ്യമല്ല.  ഐസ്‌ക്രീമിന്റെ മഹാവിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു സീക്വല്‍ നിര്‍മിക്കാന്‍ തീരുമാനിച്ച വര്‍മ്മ ഐസ്‌ക്രീം 2 എന്ന പേരില്‍ രണ്ടാം ഭാഗം ഇറക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. മികച്ച കോണ്ടന്റും ട്രീറ്റ്‌മെന്റുമില്ലാതെ ബജറ്റ് കുറഞ്ഞതു കൊണ്ട് മാത്രം വിജയം എത്തിപ്പിടിക്കാനാവില്ലെന്ന് വര്‍മയെ ബോധ്യപ്പെടുത്തിയ സിനിമയാണ് ഐസ്‌ക്രീം 2.

 

അതേ സമയം സിനിമ മോശമായിട്ടും ബജറ്റ് കുറഞ്ഞു എന്ന ഏക കാരണത്താല്‍ ഈ സിനിമയ്ക്കും കാര്യമായ നഷ്ടം സംഭവിച്ചില്ല. എന്നാല്‍ ആദ്യഭാഗം പോലെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വാര്‍ത്തകളില്‍ ഇടംപിടിച്ചതുമില്ല.എവിടെയാണ് അടിതെറ്റിയതെന്ന് പരിശോധിച്ചാല്‍ ആദ്യഭാഗത്തില്‍ തിരക്കഥ രചിച്ചത് എഴുത്തിന്റെ മേഖലയില്‍ പരിണിതപ്രജ്ഞനായ അനുരാഗ് കാശ്യപായിരുന്നെങ്കില്‍ രണ്ടാം ഭാഗം പടുത്തുയര്‍ത്തിയത് വര്‍മയുടെ സ്വന്തം തിരക്കഥയിലായിരുന്നു. എല്ലാ ജോലിയും എല്ലാവര്‍ക്കും വഴങ്ങണമെന്നില്ലല്ലോ? എന്നാല്‍ ശിവയും രംഗീലയും അടക്കമുളള വിജയചിത്രങ്ങളില്‍ വര്‍മ്മ തിരക്കഥാ സഹകാരിയായിരുന്നു. കൂടെ എഴുതാന്‍ പ്രഗത്ഭരായ മറ്റ് ചിലരുമുണ്ടായിരുന്നു.

കാസറ്റ് കടക്കാരന്‍ സംവിധായകനായപ്പോള്‍...

മനസുണ്ടെങ്കില്‍ വഴിയുമുണ്ടെന്ന് വര്‍മ തെളിയിച്ചത് സിനിമയുടെ ബജറ്റില്‍ മാത്രമല്ല. സിനിമയിലേക്കുളള അദ്ദേഹത്തിന്റെ ആഗമനം പോലും ഏറെ വ്യത്യസ്തമായിരുന്നു. എന്‍ജിനീയറിങ് ബിരുദപഠനത്തിന് ശേഷം സിനിമയോടുളള പാഷന്‍ മൂലം മറ്റ് ജോലികള്‍ക്കൊന്നും ശ്രമിക്കാതെ ഹൈദ്രബാദില്‍ വീഡിയോ കാസറ്റ് കട തുടങ്ങിയ വര്‍മ രാപ്പകല്‍ കുത്തിയിരുന്ന് സിനിമകള്‍ പല ആവര്‍ത്തി കണ്ട് പഠിക്കുമായിരുന്നു. അങ്ങനെ ആര്‍ജ്ജിച്ച ആത്മവിശ്വാസം കൈമുതലാക്കി പടം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ വൈതരണികള്‍ ഏറെ. എന്നാല്‍ ഒരു മനുഷ്യന്റെ അതിതീവ്രമായ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ പ്രകൃതിശക്തികള്‍ പോലും ഒപ്പം നില്‍ക്കുമെന്ന് പൗലോ കൊയ്‌ലോക്ക് വളരെ മുന്‍പ് സ്വന്തം അനുഭവത്തിലുടെ ആര്‍ജിവി മനസിലാക്കി.

 

നാഗാര്‍ജുന നായകനായ ശിവ എന്ന തെലുങ്ക് സിനിമയിലുടെയാണ് വര്‍മ്മയുടെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.രാജമൗലിയൊക്കെ സിനിമയില്‍ വരുന്നതിന് എത്രയോ മുന്‍പ് ഈ തെലുങ്ക് സംവിധായകന്‍ ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ചു. തെലുങ്ക് സിനിമയുടെ അതിരുകള്‍ ഭേദിച്ച് ബോളിവുഡില്‍ ചുവടുറപ്പിച്ച വര്‍മ്മയുടെ ജാതകം മാറ്റിമറിച്ചത് ഊര്‍മ്മിള മണ്ഡോദ്കറും ആമീര്‍ഖാനും ജാക്കി ഷറോഫും അരങ്ങ് തകര്‍ത്ത രംഗീല എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയാണ്. എല്ലാ കാലത്തും ട്രെന്‍ഡുകള്‍ക്ക് മുന്നേ സഞ്ചരിക്കുകയും ട്രെന്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്ത രാം ഗോപാല്‍വര്‍മ്മ ആര്‍ജിവി എന്ന ചുരുക്കപ്പേരില്‍ അതോടെ വ്യാപകമായി അറിയപ്പെടാന്‍ തുടങ്ങി.

സ്ത്രീകളെ ആരാധിക്കുന്ന വര്‍മ

സ്ത്രീകള്‍ വര്‍മയ്‌ക്കെന്നും ഒരു ഹരമായിരുന്നു. മിക്കവാറും എല്ലാ സിനിമകളിലും നായികയായി വന്ന ഊര്‍മ്മിളയും വര്‍മ്മയും തമ്മില്‍ സിനിമയ്ക്കപ്പുറം അടുത്ത സൗഹൃദമുണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏതായാലും ഒരു മകളുടെ പിതാവായ വര്‍മയാകട്ടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടുകയും ചെയ്തു. കുറച്ചുകാലം മുന്‍പ് മുംബൈയില്‍ ഒരു പാര്‍ട്ടിക്കിടയില്‍ മറ്റൊരു നായികയുടെ കാലില്‍ ചുംബിക്കുന്ന വിഡിയോ പുറത്തു വിട്ട് വര്‍മ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. എനി പബ്ലിസിറ്റി ഈസ് പബ്ലിസിറ്റിയെന്നും ഒരു പബ്ലിക്ക് ഫിഗറിന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇത്തരം വിവാദങ്ങള്‍ അനിവാര്യമാണെന്നും വര്‍മ വിശ്വസിക്കുന്നു.

 

ഗോസിപ്പുകളെ  വകവയ്ക്കാറില്ല അദ്ദേഹം. താനൊരു വുമണൈസറല്ലെന്നും അതേ സമയം സ്ത്രീകളെ ആദരിക്കുകയും സ്ത്രീസൗന്ദര്യത്തെ ആരാധിക്കുകയും ചെയ്യുന്നതിലെന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നു.  ഒരു പക്ഷേ പാപ്പരാസികള്‍ ആരോപിക്കും പോലെ ഒരു സ്വകാര്യ ജീവിതം അദ്ദേഹത്തിനുണ്ടെങ്കിലും ഇല്ലെങ്കിലും വര്‍മയുടെ നായികമാരിലാരും തന്നെ നാളിതുവരെ വര്‍മ്മയെക്കുറിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉന്നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സമീപകാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ മലയാളി മോഡല്‍ ശ്രീലക്ഷ്മി പങ്കു വച്ച ഫോട്ടോസിന് താഴെ വന്ന് നിരന്തരം കമന്റിടുകയും അവരെ പ്രകീര്‍ത്തിച്ച് പോസ്റ്റുകളിടുകയും ചെയ്ത വര്‍മ ആരാധ്യദേവി എന്ന പേരില്‍ ആ കുട്ടിയെ നായികയാക്കി സാരി എന്ന പേരില്‍ പടം എടുക്കുകയും ചെയ്തു.

താരപ്രഭ മങ്ങിയ വര്‍മ

പ്രായവും കാലവും ഏത് കൊലകൊമ്പന്റെയും കരിയറില്‍ കരിനിഴല്‍ വീഴ്ത്തുമെന്നത് വര്‍മയുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമായി. ക്രിയേറ്റീവ് സ്‌കില്‍ ദീര്‍ഘകാലം ഒരേ പ്രഭയോടെ ജ്വലിച്ചു നിന്ന ചരിത്രമില്ല. ഒരു കാലത്ത് രാത്, ഭൂത്, ശിവ, സത്യ, രംഗീല, കമ്പനി… എന്നിങ്ങനെ നിരവധി സിനിമകളിലുടെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയെ വിസ്മയിപ്പിച്ച വര്‍മ ഇന്ന് പഴയ പ്രതാപം തീര്‍ത്തും നഷ്ടമായ അവസ്ഥയിലാണ്. ഏറ്റവും ഒടുവില്‍ ലെസ്ബിയന്‍ ലൈഫ് പ്രമേയമാക്കി അദ്ദേഹം ഒരുക്കിയ സിനിമ വര്‍മയുടെ കീര്‍ത്തിക്ക് മങ്ങലേല്‍പ്പിച്ചു എന്ന് മാത്രമല്ല ഒരു സാദാ സെക്‌സ് സിനിമയുടെ നിലവാരത്തിലേക്ക് തരം താഴുകയുണ്ടായി. വര്‍മയ്ക്ക് ഏറെ അപഖ്യാതി ക്ഷണിച്ചു വരുത്തി അവസാനം വന്ന പല സിനിമകളും.

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുക എന്നതാണ് വീണു പോയ പ്രായോഗിക മതികളായ പല സംവിധായകരും ചെയ്യാറുളളത്. വര്‍മയെ സംബന്ധിച്ച് ഒതുങ്ങിക്കൂടുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

62 വയസ്സ് പിന്നിട്ട അദ്ദേഹം ഇന്നും യുവാക്കളെ പോലെ മുടി കറുപ്പിച്ച് ബോഡി മെയിന്റൈന്‍ ചെയ്ത് നല്ല ചുളളനായി നടക്കുന്നു. ഷൂട്ടിങ് കഴിഞ്ഞാല്‍ ലേറ്റ് നൈറ്റ് പാര്‍ട്ടികളില്‍ പങ്കെടുത്ത് പരസ്യമായി മദ്യപിക്കാനും മകളുടെ പ്രായമില്ലാത്ത നടികള്‍ക്കൊപ്പം ഇഴുകിചേര്‍ന്ന് നൃത്തം ചെയ്യാനും പരസ്പരം ചുംബിക്കാനുമൊന്നും മടിയില്ല. അതിന്റെ ഫോട്ടോസ് എടുത്ത് ഏതോ മഹാകാര്യമെന്ന മട്ടില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്ന വര്‍മ തനിക്ക് ഇപ്പോഴും നിത്യ യൗവ്വനമാണെന്ന് വിശ്വസിക്കുന്നു. തന്റെ സിനിമകള്‍ക്കും…

വര്‍മയുടെ വ്യക്തിജീവിതം അനുകരണീയമല്ലെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തെ നിലനിര്‍ത്താന്‍ പര്യാപ്തമാം വിധം കോസ്റ്റ് ഇഫക്ടീവ് ഫിലിം മേക്കിങ് രീതിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടക്കമിട്ട വര്‍മ കാലത്തിന് മുന്‍പേ നടന്ന ചലച്ചിത്രകാരനാണ്. താരങ്ങള്‍ ബാധ്യതയാവുന്നെന്നും നിര്‍മാണച്ചിലവ് കുത്തനെ കൂടുന്നുവെന്നും പരിതപിക്കുന്ന മലയാള നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും വര്‍മയുടെ രീതികള്‍ പരീക്ഷിക്കാവുന്നതേയുളളു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *