പന്തിനെ ക്യാപ്റ്റനായി വേണ്ടെന്ന തീരുമാനത്തിൽ ഡൽഹി; ലേലത്തിനു വന്നാൽ സ്വന്തമാക്കാൻ ആർസിബി, ലക്നൗ, പഞ്ചാബ്
ന്യൂഡൽഹി∙ ഇന്ത്യൻ താരം ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താൽപര്യമില്ലെന്ന് വ്യക്തമായതോടെ, താരത്തെ ടീമിലെത്തിക്കാൻ പദ്ധതികൾ സജീവമാക്കി മറ്റ് ഐപിഎൽ ടീമുകൾ. ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് പന്തിനെ ടീമിൽ നിലനിർത്താൻ താൽപര്യം അറിയിച്ചെങ്കിലും, ക്യാപ്റ്റൻ സ്ഥാനം ലഭിച്ചേക്കില്ലെന്ന് വ്യക്തമായതോടെയാണ് പന്ത് ടീം വിടാൻ തയാറെടുക്കുന്നത്. ഇത്തവണത്ത ഐപിഎൽ മെഗാ താരലേലത്തിലൂടെ മറ്റേതെങ്കിലും ടീമിന്റെ ഭാഗമാകാനാണ് പന്തിന്റെ നീക്കം.
വിരാട് കോലി ഉൾപ്പെടുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് പന്തിനെ ടീമിലെത്തിക്കാൻ കച്ചകെട്ടുന്നവരിൽ പ്രമുഖർ.ഡൽഹി ക്യാപിറ്റൽസ‍് ഉടമകളും ഋഷഭ് പന്തും തമ്മിൽ ഇതിനകം പല റൗണ്ട് ചർച്ചകൾ നടന്നെങ്കിലും, താരത്തെ ക്യാപ്റ്റൻ സ്ഥാനത്തോടെ ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇപ്പോഴത്തെ മാനേജ്മെന്റിന് പന്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്താൻ താൽപര്യവുമില്ല.2016ൽ ഐപിഎലിൽ കളിക്കാൻ ആരംഭിച്ചതു മുതൽ ഡൽഹിക്കായി മാത്രം കളത്തിലിറങ്ങിയിട്ടുള്ള താരമാണ് പന്ത്.
അവസാന നിമിഷം അപ്രതീക്ഷിത മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പന്ത് ഇത്തവണ ഐപിഎൽ താരലേലത്തിനുണ്ടാകുമെന്നാണ് വിവരം. പന്ത് ലേലത്തിനുണ്ടെങ്കിൽ ടീമിലെത്തിക്കാൻ ബെംഗളൂരു ഉൾപ്പെടെയുള്ള ടീമുകളാണ് രംഗത്തുള്ളത്. ഭാവി ക്യാപ്റ്റനെന്ന നിലയിലാണ് ഈ ടീമുകളെല്ലാം പന്തിനെ കാണുന്നത്.കെ.എൽ. രാഹുലും താരലേലത്തിനുണ്ടാകുമെന്ന് ഉറപ്പായതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. രാഹുൽ ഉണ്ടെങ്കിലും പന്തിനെ ടീമിലെത്തിക്കാൻ ആർസിബിക്ക് താൽപര്യമുണ്ടെന്നാണ് വിവരം.
ദിനേഷ് കാർത്തിക് ഐപിഎലിൽനിന്ന് വിരമിച്ചതോടെ ആർസിബിക്ക് വിക്കറ്റ് കീപ്പറുടെ ജോലിക്കും ആളെ ആവശ്യമുണ്ട്. പന്തിനെ ടീമിലെത്തിച്ചാൽ വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ സ്ഥാനങ്ങളിലേക്ക് മറ്റാരെയും നോക്കേണ്ട എന്നതാണ് ആർസിബിയെ ആകർഷിക്കുന്ന ഘടകം.കെ.എൽ. രാഹുലുമായി വഴിപിരിയുമെന്ന് ഉറപ്പായ ലക്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകൾക്കും പന്തിനെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. ഡൽഹി ക്യാപിറ്റൽസ് വിട്ട മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിന്റെ പുതിയ തടക്കം പഞ്ചാബ് കിങ്സാണ്.
ദീർഘകാലം ഒപ്പം ജോലി ചെയ്ത പന്തിനെ ടീമിലെത്തിക്കാൻ പോണ്ടിങ്ങിനും താൽപര്യമുണ്ട്.നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്, ടീമിന് കിരീടം സമ്മാനിച്ച നായകൻ ശ്രേയസ് അയ്യരെ ടീമിൽ നിലനിർത്തണമെന്ന് നിർബന്ധമില്ലെന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. അങ്ങനെ വന്നാൽ അയ്യരുടെ പേരും ലേലത്തിനുണ്ടാകാൻ സാധ്യതയുണ്ട്. മിക്ക ടീമുകൾക്കും അധികം താരങ്ങളെ നിലനിർത്താൻ താൽപര്യമില്ലെന്നാണ് വിവരം. മുംബൈ ഇന്ത്യൻസ് മാത്രമാണ് 4–5 താരങ്ങളെ നിലനിർത്താൻ താൽപര്യപ്പെടുന്ന ഏക ടീമെന്നും റിപ്പോർട്ടുണ്ട്.