അക്രമിക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു / CPM ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി : കെസുധാകരൻ
കണ്ണൂർ :പിണറായി വെണ്ടുട്ടായിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തു. അക്രമം കൊണ്ട് ഓഫീസില്ലാതാക്കാമെന്നല്ലാതെ കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും, ഓഫീസിൻ്റെ പുനർ നിർമ്മാണം കെ.പി.സി.സി നടത്തുമെന്നും ഉദ്‌ഘാടനപ്രസംഗത്തിൽ സുധാകരൻ പറഞ്ഞു.ഡി. സി സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. എ. ഐ. സി സി അംഗം വി. എനാരായണന്‍, കെ. പി. സി സി അംഗം സജ്ജീവ് മാറോളി, മുഹമ്മദ്‌ഫൈസല്‍, അബ്ദുള്‍ റഷീദ് വി. പി, മമ്പറം ദിവാകരന്‍, രാജീവന്‍ എളയാവൂര്‍, അമൃത രാമകൃഷ്ണന്‍, വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാം. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും അറിയാം. സിപിഎമ്മിന്റെ ഓഫീസ് തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പത്തു പിള്ളേര്‍ മതി.’- കെ സുധാകരന്‍ പറഞ്ഞു.
പിണറായി മണ്ഡലത്തിലെ ഇരുപത്തി ഒന്നാമത് കോൺഗ്രസ്സ് ഓഫീസ് കെട്ടിടമായ വെണ്ടുട്ടായിലെ ബൂത്തോഫീസ് ഇന്നലെ രാത്രിയാണ് അജ്ഞാതർ തകർത്തത് . ഓഫീസ് ഉപകരണങ്ങൾ തീവെച്ച് നശിപ്പിക്കുകയും മൂന്ന് CCTV ക്യാമറകളും സ്റ്റേജ് കർട്ടനും ജനൽ ചില്ലുകളും നശിപ്പിക്കുകയും അടുത്തുള്ള ഒരു കെട്ടിടത്തിലെ ചുമരിൽ ചെ ഗുവേരയുടെ ചിത്രം വരച്ച് വെക്കുകയുംചെയ്‌തതായി പ്രദേശത്തെ കോൺഗ്രസ്സുകാർ പറയുന്നു.