“ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ് ഖേദപ്രകടനം നടത്തിയത് “

0

തിരുവനന്തപുരം: അപകീർത്തിക്കേസിൽ സിപിഎം നേതാവ് പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്‌ണൻ. ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ് ഖേദപ്രകടനം നടത്തിയതെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. 2018 ജനുവരി 25 ന് ചാനൽച്ചർച്ചയിൽ ശ്രീമതിക്കും കുടുംബത്തിനുമെതിരേ നടത്തിയ പരാമർശത്തില്‍ മാധ്യമങ്ങൾക്കു മുൻപിൽ കഴിഞ്ഞ ദിവസം അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഫേസ്‌ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. “എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ” എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് മാപ്പ് തന്‍റെ ഔദാര്യമാണെന്ന് അദ്ദേഹം കുറിച്ചത്. “ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്‍റെ ഔദാര്യമാണ് എന്‍റെ ഖേദപ്രകടം. ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്. കോടതി പറഞ്ഞിട്ടൊ കേസ് നടത്തിയിട്ടൊ അല്ല, ഒരു സ്‌ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചർ പറഞ്ഞപ്പോൾ അന്തസായ രാഷ്‌ട്രീയമായ നിലപാടിന്‍റെ ഭാഗമായി ഞാൻ കേരള രാഷ്‌ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്” എന്ന് അദ്ദേഹം എഫ്‌ബിയില്‍ കുറിച്ചു.

തനിക്കെതിരെ ഒരു കേസും നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ടീച്ചറുടെ വക്കീല്‍ തന്നെ കണ്ണൂർ കോടതിയിൽ ഒത്ത് തീർപ്പ് വയ്‌ക്കാൻ ഉപദേശിച്ചത്. ഒത്ത് തീർപ്പ് സമയത്ത് ശ്രീമതി ടീച്ചർ കണ്ണൂർ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കൾ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോൾ ഒരു സത്രീയുടെ കണ്ണുനീരിന് തന്‍റെ രാഷ്‌ട്രീയത്തേക്കാൾ വില ഉണ്ടന്ന് വിശ്വസിക്കുന്ന താൻ രാഷട്രീയത്തിന്‍റെ അന്തസിന് ഖേദം പറയാം എന്ന് പറഞ്ഞു. അങ്ങനെയാണ് ഖേദം പ്രകടിപ്പിച്ചതെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.

ഖേദപ്രകടനം പത്രക്കാരോട് പറയണമെന്ന് തന്നോട് ശ്രീമതി ടീച്ചര്‍ അഭ്യർഥിച്ചിരുന്നു. ടീച്ചർ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ തനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്‌ട്രീയത്തിൽ എന്നും ഓർക്കുന്ന ഒരു മാതൃകയാകട്ടെ തന്‍റെ ഖേദം എന്ന് താൻ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും തനിക്കില്ല, കേസ് നടത്തിയിട്ടുമില്ല, നടത്തിയാൽ തനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ലെന്ന് പറഞ്ഞ ഗോപാലകൃഷ്‌ണൻ, ഇതൊന്നും അറിയാത്ത അന്തം കമ്മികൾ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കേ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്‌ണന്‍റെ മകനും ചേർന്ന് മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്ക് സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്‌ണൻ ചാനൽച്ചർച്ചയിൽ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് കണ്ണൂർ മജിസ്ട്രേറ്റ്‌ കോടതിയിൽ ശ്രീമതി കേസ് രജിസ്റ്റര്‍ ചെയ്‌തു. കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്‌ണൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഒടുവിൽ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *