എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ എം.പിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്തുനിന്ന് വിജയിച്ച ശശി തരൂര്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞ ചൊല്ലിയതിനുശേഷം ‘ജയ് ഹിന്ദ്, ജയ് സംവിധാന്‍ (ഭരണഘടന)’ എന്ന മുദ്രാവാക്യവും അദ്ദേഹം മുഴക്കി.
ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചാണ് തരൂര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. നേരത്തേ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ശശി തരൂര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ എം.പിമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നത് വിവാദമായിരുന്നു. സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ ഈ എം.പിമാര്‍ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ ശത്രുഘ്നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ്വാദി പാര്‍ട്ടിയിലെ അഫ്സല് അന്‍സാരി, രണ്ട് സ്വതന്ത്ര എം.പിമാര്‍ എന്നിവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 15,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയാണ് തരൂർ ലോക് സഭയിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.