തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ഇന്ന്
കോട്ടയം: നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് വൈക്കത്ത് നടക്കുന്ന ചടങ്ങ് കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സംഗമവേദിയാകും. സ്മാരകത്തിന്റെയും ഇതിനോടനുബന്ധിച്ചുള്ള ലൈബ്രറിയുടെയും ഉദ്ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.വൈക്കം വലിയ കവലയില്‍ 84 സെന്റിലാണു തന്തൈ പെരിയാര്‍ സ്മാരകം. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്. ഉദ്ഘാടനം സ്മാരക മണ്ഡപത്തിലും സമ്മേളനം വൈക്കം ബീച്ചിലുമാണു നടക്കുക.
തമിഴ്‌നാട്ടിലെ 3 മന്ത്രിമാരും കേരളത്തിലെ 2 മന്ത്രിമാരും ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും അടക്കം പങ്കെടുക്കുന്ന സമ്മേളനം തമിഴ്‌നാട്, കേരള സര്‍ക്കാരുകള്‍ ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ വീരമണി വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, തമിഴ്നാട് മന്ത്രിമാരായ ദുരൈമുരുകന്‍, എ വി വേലു, എം പി സ്വാമിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടികളുടെ സമാപനവും ഇതോടൊപ്പം നടക്കും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രില്‍ ഒന്നിന് ഇരുമുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് എത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് ആ വേദിയിലാണു സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. എം കെ സ്റ്റാലിന്‍ ഇന്നലെ ഉച്ചയോടെ കുമരകത്ത് എത്തി. വൈക്കം സത്യഗ്രഹത്തില്‍ തന്തൈപെരിയാര്‍ എന്ന ഇ വി രാമസ്വാമി പങ്കെടുത്തതിന്റെയും അദ്ദേഹത്തിന്റെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങളുടെയും ഓര്‍മകളുണര്‍ത്തുന്ന സ്മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ ചെലവിട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ നവീകരിച്ചത്.