‘തങ്കമണി’ ക്ക് സ്റ്റേ ഇല്ല; വ്യാഴാഴ്ച തിയെറ്ററിൽ
കൊച്ചി: ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.സിനിമയുടെ റിലീസ് മുന്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ നടക്കും. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ എന്താണെന്ന് വിശദീകരിക്കേണ്ടിവരും എന്നത് കണക്കിലെടുത്ത് കോടതി രഹസ്യവാദം കേട്ടിരുന്നു.
ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയില്‍ യഥാര്‍ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നേരത്തെ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പരാതിക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയിൽ നൽകിയ ഉറപ്പിനെ തുടർന്ന് ഹർജി തീർപ്പാക്കിയിരുന്നു.സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി നൽകിയത്