“കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി” : BJP ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

തിരുവനന്തപുരം: ബിജെപി ഓഫീസിലെത്തിയ ക്രൈസ്തവ നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികള്‍ എത്തിയത്. ബിലീവേഴ്‌സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം.
വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ആക്ട്സി’ൻ്റെ പ്രതിനിധികളാണ് മാരാർജി ഭവനിൽ എത്തിയത്. ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രാജീവ് ചന്ദ്രശേഖർ അവരെ അറിയിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (CSI), ലെഫ്റ്റനൻ്റ് കേണൽ സാജു ദാനിയൽ, ലെഫ്റ്റനൻ്റ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (K.M.F പെന്തകോസ്ത് ചർച്ച്), റവ. BT വറുഗീസ്, റവ. യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മതപരിവർത്തനം ആരോപിക്കപ്പെട്ട് കന്യാസ്ത്രീയെ തടവിലിട്ട വിഷയത്തിൽ ഒരു വിഭാഗം ക്രൈസ്തവ രും പുരോഹിതരും ബിജെപിക്കെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർത്തിന്നതിനിടയിൽ ആണ് ഈ സന്ദർശനം
കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് വാക്ക് പാലിച്ചു എന്നതില്‍ സന്തോഷമുണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിപ്രതികരിച്ചിരുന്നു . സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായി എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു..
എന്നാൽ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇരിങ്ങാലക്കുട രൂപത ഇടയ ലേഖനമിറക്കി. ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരെയും നിയന്ത്രിച്ച് നിര്‍ത്തുവാനുള്ള രാഷ്ട്രീയ നിഗൂഢ അജണ്ട തിരിച്ചറിയണമെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിസ്റ്റര്‍മാരുടെ മോചനത്തിനായി യാതൊരു തരത്തിലുമുള്ള ഇടപെടലുകള്‍ കേന്ദ്രമോ, ചത്തീസ്ഗഡ് സര്‍ക്കാരോ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ് എന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിയെയും സംഘപരിവാര്‍ സംഘടനകളെയും രൂക്ഷമായി വിമര്‍ശിച്ച് ദീപികയും മുഖപ്രസംഗം എഴുതിയിരുന്നു. ബജ്രംഗ് ദള്‍ ഭീകരപ്രസ്ഥാനമെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശര്‍മ്മയ്‌ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല എന്നും ‘ദീപിക’ വിമര്‍ശിക്കുന്നു.